X

കോഴിക്കുഞ്ഞുങ്ങളുടെ വിലകൂട്ടി തമിഴ്‌നാട് ലോബി; ഇനിയും കൂടും

ബ്രോയിലര്‍ കോഴി ഫാം മേഖലയിലെ കുത്തക നിലനിര്‍ത്താന്‍ കേരളത്തിലേക്കുള്ള കോഴിക്കുഞ്ഞുങ്ങളുടെ വില തമിഴ്‌നാട്ടിലെ വന്‍കിട ഫാമുകളുടെ കൂട്ടായ്മ കുത്തനെ കൂട്ടി. വേനലിന് ശേഷം കേരളത്തിലെ ഫാമുകള്‍ സജീവമാകാന്‍ തുടങ്ങിയതോടെ ഒരുദിവസം പ്രായമായ കോഴികുഞ്ഞിന് ഇന്നലെ 32 രൂപയാണ് ഈടാക്കിയത്. വില ഇനിയും വര്‍ദ്ധിച്ചേക്കും. കഴിഞ്ഞ മാസം 22 രൂപയായിരുന്നു. അതേസമയം തമിഴ്‌നാട്ടിലെ ഫാമുകള്‍ക്ക് 15 രൂപയ്ക്ക് നല്‍കുന്നുണ്ട്. ചൂട് കാലാവസ്ഥ അനുകൂലമല്ലാത്തതില്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ കേരളത്തിലെ ഫാമുകളില്‍ കോഴി വളര്‍ത്തല്‍ കുറയും.ആ സമയം തമിഴ്‌നാട് വില കുറയ്ക്കുകയും ചെയ്തു.

80 ശതമാനം കോഴിക്കുഞ്ഞുങ്ങളെയും കൊണ്ടുവരുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. വിദേശികളായ ബ്രോയിലര്‍ കോഴികളുടെ പാരന്റ് ബേഡിനെ വളര്‍ത്താനുള്ള അവകാശം വലിയ തുക മുടക്കിയാണ് തമിഴ്‌നാട്ടിലെ വന്‍കിട ഫാമുകള്‍ സ്വന്തമാക്കിയത്. അതിനാല്‍ അതിന്റെ കുത്തക അവര്‍ക്കായിരിക്കും.

ജനുവരിയില്‍ പാരന്റ് ബേഡുകളുടെ എണ്ണം തമിഴ്‌നാട്ടിലെ ഫാമുകള്‍ കുത്തനെ കുറച്ചിരുന്നു. 38 40 ദിവസത്തിനുള്ളില്‍ രണ്ടര കിലോഗ്രാം വരെ തൂക്കം വയ്ക്കുന്ന വാന്‍കോബ് 500,? റോസ് ഇനങ്ങളാണ് കേരളത്തില്‍ പ്രധാനമായും വളര്‍ത്തുന്നത്. ഓരോ സീസണിലും എത്ര കോഴിക്കുഞ്ഞുങ്ങള്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന് വ്യക്തമായ കണക്ക് തമിഴ്‌നാട്ടിലെ വന്‍കിട ഫാമുകള്‍ക്കുണ്ട്. കേരളത്തില്‍ ഉത്പാദനം കൂടുമ്പോള്‍ തമിഴ്‌നാട് ലോബി വില കാര്യമായി കുറയ്ക്കും. ഇതോടെ കേരളത്തിലെ കര്‍ഷകര്‍ക്ക് ഉത്പാദന ചെലവ് പോലും ലഭിക്കാത്ത സ്ഥിതിയാവും.

കേരളത്തിലെ മൂന്ന് ലക്ഷം ഫാമുകളില്‍ ഒരുലക്ഷത്തോളമേ നിലനില്‍ക്കുന്നുള്ളൂ. കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, വൈദ്യുതി നിരക്ക്, പരിപാലനച്ചെലവ് എന്നിവയെല്ലാം തമിഴ്‌നാടിനെ അപേക്ഷിച്ച് ഏറെ കൂടുതലാണ്.

webdesk14: