X

താനൂര്‍ ബോട്ടപകടം: കളിക്കളത്തില്‍നിന്ന് ആദില മടങ്ങിയത് മരണത്തിലേക്ക്; വോളിബോള്‍ താരത്തിന് വിടനല്‍കി നാട്

വോളിബാള്‍ താരമായ ആദില ഷെറി കളിക്കളത്തില്‍നിന്ന് നേരത്തേ മടങ്ങിയത് മരണത്തിലേക്ക്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ വോളിഗ്രാമം പദ്ധതിയിലൂടെയാണ് അരിയല്ലൂര്‍ എം.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ആദില വോളിബാളിലേക്ക് എത്തുന്നത്. കളിക്കളത്തില്‍ മികച്ച അറ്റാക്കര്‍ കൂടിയായ ആദില വള്ളിക്കുന്നിലെ സമ്മര്‍ വോളിബാള്‍ പരിശീലന ക്യാമ്പില്‍ നിന്നായിരുന്നു കുടുംബങ്ങള്‍ക്കൊപ്പം ബോട്ട് യാത്രയില്‍ പങ്കെടുക്കാനായി പുറപ്പെട്ടത്.

കഴിഞ്ഞവര്‍ഷം പാലക്കാട്ട് നടന്ന സംസ്ഥാന സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ജില്ലക്കായി മത്സരിച്ചിട്ടുണ്ട്. നിര്‍ധന കുടുംബാംഗമായ ആദിലക്ക് ആവശ്യമായ സ്‌പോര്‍ട്സ് കിറ്റ് സ്‌കൂള്‍ അധികൃതരാണ് വാങ്ങി നല്‍കിയത്. സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ പ്രവേശനം നേടാനുള്ള തയാറെടുപ്പിലായിരുന്നു.

ഞായറാഴ്ച വൈകീട്ട് 5.45ഓടെ ഉമ്മ വിളിച്ചതിനെ തുടര്‍ന്നാണ് ബോട്ട് യാത്രക്കായി നേരത്തേ മടങ്ങിയത്. ആദിലയെ നേരത്തേ മടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് പരിശീലകനെ വിളിച്ചിരുന്നു. ആദില മടങ്ങിയശേഷമാണ് ഇദ്ദേഹം ഫോണ്‍ കോള്‍ കാണുന്നത്. തിരിച്ചു വിളിച്ചപ്പോള്‍ മകള്‍ മടങ്ങിയ വിവരം ഉമ്മയെ അറിയിക്കുകയും ചെയ്തു.
ആദിലയുടെ മടക്കം മരണത്തിലേക്കായിരുന്നുവെന്നത് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത അവസ്ഥയിലാണ് സഹപാഠികള്‍. മൃതദേഹം ഒരു നോക്ക് കാണാന്‍ നിരവധി സഹപാഠികളും അധ്യാപകരും പരിശീലകരും പൊതുദര്‍ശനത്തിനുവെച്ച ആനപ്പടി സ്‌കൂളില്‍ എത്തിയിരുന്നു.

 

webdesk14: