X

താനൂർ കസ്റ്റഡി കൊലപാതകം : കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

താനൂർ താമിർ ജിഫ്രി കസ്റ്റഡി കൊലപാതക കേസിലെ മുഴുവൻ കേസ് ഡയറിയും ഹാജരാക്കാൻ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിർദേശം നൽകി. കേസ് ഡയറിയോടൊപ്പം കേസിലെ ഇത് വരെയുള്ള അന്വേഷണത്തിന്റെ പുരോഗതി വിശദീകരിക്കുന്ന റിപ്പോർട്ടും സെപ്റ്റംബർ 7ന് മുൻപായി ഹൈക്കോടതിയിൽ ഹാജരാക്കാനാണ് മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുള്ളത്.

ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കേസ് അട്ടിമറിക്കാനാണ് ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതെന്നും അതിനാൽ സർക്കാർ പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണം ഉടനടി ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് അഡ്വ. മുഹമ്മദ്‌ ഷാ, അഡ്വ. അബീ ഷെജ്റിക് എന്നിവർ മുഖാന്തിരം താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി ഫയലാക്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ വന്നിട്ടുള്ളത്.

ഓഗസ്റ്റ് 2ന് ക്രൈം ബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തെങ്കിലും കൊലപാതകത്തിന്റെ വകുപ്പുകൾ കൂട്ടി ചേർത്തതല്ലാതെ പ്രതികളെ കണ്ടെത്തുകയോ പോലീസുകാരെ പ്രതി ചേർക്കുകയോ ചെയ്തിട്ടില്ലെന്നും താമിർ ജിഫ്രിയെ മർദിച്ച് കൊലപ്പെടുത്തിയ പോലീസുകാരെ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ താൽപര്യപ്രകാരം ക്രൈം ബ്രാഞ്ച് സംരക്ഷിക്കുകയാണെന്നും കേസിലെ സുപ്രധാന തെളിവുകൾ നശിപ്പിക്കപ്പെട്ടുവെന്നും താനൂർ പോലീസ് സ്റ്റേഷനിലെ CCTV ദൃശ്യങ്ങൾ എടുക്കാത്തത് ദുരൂഹമാണെന്നും ഹാരിസ് ജിഫ്രിയുടെ അഭിഭാഷകർ ഹൈക്കോടതിയിൽ വാദിച്ചു.

കേസിലെ സാക്ഷികളായ പോലീസുകാരെയും താമിർ ജിഫ്രിയോടൊപ്പം കസ്റ്റഡിയിലെടുത്ത 11 ചെറുപ്പക്കാരെയും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടന്ന് വരികയാണെന്നും നിർണ്ണായകമായ CCTV ദൃശ്യങ്ങൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും സസ്‌പെൻഷനിൽ കഴിയുന്ന താനൂർ സബ്-ഇൻസ്‌പെക്ടർ കൃഷ്ണലാലിന്റെ വെളിപ്പെടുത്തലുകൾ നിർണ്ണായകമാണെന്നും കേസിൽ സത്യം പുറത്ത് കൊണ്ട് വരാൻ സി.ബി.ഐയുടെ സ്വതന്ത്ര അന്വേഷണം അനിവാര്യമാണെന്നും ഹാരിസ് ജിഫ്രിയുടെ അഭിഭാഷകർ ഹൈക്കോടതിയെ അറിയിച്ചു. പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ ഹാരിസ് ജിഫ്രിയുടെ അഭിഭാഷകർ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. കേസ് സെപ്റ്റംബർ 7ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ്‌ എ ബദറുദ്ധീന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

webdesk15: