X

യു.പിയില്‍ ഹിന്ദുവിദ്യാര്‍ഥികളെ കൊണ്ട് മുസ്‌ലിം വിദ്യാര്‍ഥിയെ അടിപ്പിച്ച് അധ്യാപിക; വിവാദം

ക്ലാസ്മുറിയില്‍ ഹിന്ദു വിദ്യാര്‍ഥികളെ കൊണ്ട് മുസ്‌ലിം വിദ്യാര്‍ഥിയെ അടിപ്പിച്ച് അധ്യാപിക. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ഖുബ്ബാപൂര്‍ ഗ്രാമത്തിലെ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ അധ്യാപികയായ തൃപ്ത ത്യാഗിയാണ് ക്ലാസ്മുറിയില്‍ വെച്ച് മുസ്‌ലിം വിദ്യാര്‍ഥിയെ ഹിന്ദു വിദ്യാര്‍ഥികളെ കൊണ്ട് മര്‍ദിപ്പിച്ചത്. ട്വിറ്ററടക്കം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

സ്‌കൂളിലെ ക്ലാസ്മുറിയില്‍ മുമ്പിലായി നിര്‍ത്തിയ വിദ്യാര്‍ഥിയുടെ മുഖത്ത് നിലത്തിരിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് ഓരോരുത്തരായി എഴുന്നേറ്റ് വന്ന് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. ‘അവള്‍ എല്ലാ മുഹമ്മദന്‍സ് (മുസ്‌ലിം)കുട്ടികളെയും അടിക്കുന്നു’വെന്ന് ഉറക്കെ പറയുന്നതും മറ്റൊരാള്‍ പകര്‍ത്തിയ വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ പകര്‍ത്തിയയാള്‍ ഉറക്കെ ചിരിക്കുന്നതും അധ്യാപികയെ പ്രോത്സാഹിപ്പിക്കുന്നതും കേള്‍ക്കാം. ശക്തമായി അടിക്കാത്തതിന് ചില വിദ്യാര്‍ഥികളെ അധ്യാപിക ചീത്ത പറയുന്നതും വീഡിയോയിലുണ്ട്.

സംഭവത്തില്‍ ഇര്‍ഷദെന്നയാളുടെ മകന്‍ അല്‍ത്തമാഷാണ് മര്‍ദിക്കപ്പെട്ടതെന്ന് ഫാക്ട് ചെക്കറും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. അധ്യാപിക പൊലീസിന് മുമ്പില്‍ വെച്ച് മാപ്പുപറഞ്ഞതായും അവര്‍ക്കെതിരെ പരാതിയില്ലെന്ന് താന്‍ എഴുതിക്കൊടുത്തതായും കുട്ടിയുടെ പിതാവ് ഇര്‍ഷാദ് പറഞ്ഞതായി സുബൈര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. മകനെ സ്‌കൂളിലേക്ക് ഇനി അയക്കുന്നില്ലെന്ന് തീരുമാനിച്ചതായി പിതാവ് വ്യക്തമാക്കിയെന്നും പറഞ്ഞു.

ഇസ്‌ലാമോഫോബിയയും ആള്‍ക്കൂട്ട മര്‍ദനങ്ങളും നിരീക്ഷിക്കുന്ന മുഹമ്മദ് ആസിഫ് ഖാനും മള്‍ട്ടിമീഡിയ ജേണലിസ്റ്റ് മീര്‍ ഫൈസലുമടക്കമുള്ളവരുടെ അക്കൗണ്ടുകളില്‍ ഈ വീഡിയോ പോസ്റ്റ് ചെയതിട്ടുണ്ട്. സംഭവം ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ഖുബ്ബാപൂര്‍ ഗ്രാമത്തിലാണ് നടന്നതെന്ന് ആസിഫ് ഖാന്‍ ട്വീറ്റ് ചെയ്തു. പ്രദേശത്തെ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപികയായ തൃപ്ത ത്യാഗിയാണ് ക്ലാസ്മുറിയില്‍ വെച്ച് മുസ്‌ലിം വിദ്യാര്‍ഥിയെ ഹിന്ദു വിദ്യാര്‍ഥികളെ കൊണ്ട് മര്‍ദിപ്പിച്ചതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സംഭവത്തില്‍ അധ്യാപികക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് യു.പി പൊലീസിനെയും മുസഫര്‍നഗര്‍ പൊലീസിനെയും ടാഗ് ചെയ്ത് ട്വീറ്റില്‍ ആവശ്യപ്പെട്ടു.

മുസഫര്‍നഗറില്‍ മന്‍സൂര്‍പൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്ന നേഹ പബ്ലിക് സ്‌കൂളെന്ന് സബ ഖാന്‍ ട്വീറ്റ് ചെയ്തു. ഗുഡ്ഡു ത്യാഗിയുടെ ഭാര്യയായ ത്രപ്ത ത്യാഗിയാണ് അടിക്കാന്‍ നിര്‍ദേശം നല്‍കിയ അധ്യാപികയെന്നും പറഞ്ഞു. വീഡിയോക്ക് താഴെ നിരവധി പേര്‍ വിമര്‍ശനക്കുറിപ്പുകളെഴുതി. എന്തുതരം വിഷമാണ് ഇവര്‍ കുഞ്ഞു മനസ്സില്‍ കുത്തിവെക്കുന്നതെന്ന് ചിലര്‍ ചോദിച്ചു.

webdesk13: