X

ജീവിതം പഠിപ്പിക്കുന്ന അധ്യാപകര്‍

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

ലോക തലത്തില്‍ അറിയപ്പെടുന്ന പല മഹാ ന്മാരെയും കണ്ടെത്തിയത് അധ്യാപകരാണ്. ജീവിതം തന്നതിന് മാതാപിതാക്കളോടും ജീവിക്കാന്‍ പഠിപ്പിച്ചതിന് അധ്യാപകനോടും കടപ്പെട്ടിരിക്കുന്നുവെന്ന അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പ്രസ്താവ്യം എക്കാലത്തെയും മികച്ച അധ്യാപകര്‍ക്കുള്ള അംഗീകാരപത്രം കൂടിയാണ്. മാനവരാശിക്ക് ദിശാബോധം നല്‍കിയ പ്രവാചകന്മാര്‍ ഉള്‍പ്പെടെയുള്ള മഹത് വ്യക്തികള്‍ മികച്ച അധ്യാപകര്‍കൂടിയായിരുന്നു. ഇന്ത്യയെ കെട്ടിപ്പടുത്ത ഒട്ടേറെ ധിഷണാശാലികളും അധ്യാപകവൃത്തിയില്‍ അടയാളപ്പെടുത്തലുകള്‍ നടത്തിയവരാണ്. മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനനുമായ എ.പി.ജെ അബ്ദുല്‍കലാം വിവിധ യൂണിവേഴ്‌സിറ്റികളില്‍ അധ്യാപനം നടത്തിയിട്ടുണ്ട്. രാഷ്ട്രപതി പദവിയില്‍നിന്നും വിരമിച്ചതിന്‌ശേഷവും അധ്യാപക ലോകത്തേക്കാണ് അദ്ദേഹം മടങ്ങിയത്. ഷില്ലോംഗിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ക്ലാസെടുത്തുകൊണ്ടിരിക്കുമ്പോഴാണ് കലാമിന്റെ മരണം പോലും സംഭവിച്ചത്. പ്രധാനമന്ത്രി, ധനകാര്യ മന്ത്രി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തുടങ്ങിയ പദവിയിലെത്തുന്നതിനുമുമ്പ് ഡോ. മന്‍മോഹന്‍സിങ് പഞ്ചാബ് സര്‍വകലാശാലയിലും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലയാളത്തിന്റെ യശസ് ലോകത്തോളം ഉയര്‍ത്തിയ മുന്‍ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയുമായിരുന്ന കെ.ആര്‍ നാരായണന്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവിയും അലങ്കരിച്ചിരുന്നു. മുന്‍ രാഷ്ട്രപതിയും ഓക്‌സ്‌ഫോര്‍ഡ് സര്‍വ കലാശാലയിലെ കേളികേട്ട അധ്യാപകന്‍കൂടിയായിരുന്ന സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ അഞ്ചാണ് ഇന്ത്യയില്‍ ദേശീയ അധ്യാപകദിനമായി കൊണ്ടാടുന്നത്.

അജ്ഞതയുടെ അന്ധകാരം നീക്കി മനസ്സില്‍ വെളിച്ചം തെളിക്കുന്ന ദൗത്യമാണ് അധ്യാപകര്‍ നിര്‍വഹിക്കുന്നത്. കുട്ടികളെ സ്വപ്‌നം കാണാന്‍ പഠിപ്പിക്കുന്നത് അധ്യാപകരാണ്. അധ്യാപനം കേവലം ഒരു തൊഴിലല്ല. സാമൂഹ്യ നായകത്വ പദവിയാണ്. ഒരു ശില്‍പി തന്റെ കയ്യില്‍ കിട്ടിയ കളിമണ്ണ് കുഴച്ച് ശില്‍പം നിര്‍മിക്കുമ്പോള്‍ അത് ജീവസ്സുറ്റതായി മാറണമെങ്കില്‍ അതീവ ശ്രദ്ധയും കരുതലും ആവശ്യമാണ്. അതേ വിധം തങ്ങളുടെ മുന്നിലിരിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ ഓരോ അധ്യാപകനും ശ്രദ്ധാലുവാകണം. ക്ലാസ് മുറികളിലെ കുട്ടികള്‍ ഒരേ അച്ചില്‍ വാര്‍ത്തവരല്ല. അവരുടെ അഭിരുചികള്‍ വ്യത്യസ്തമാണ്. പഠനത്തില്‍ മികവു പുലര്‍ത്തുന്നവരെയും പാഠ്യേതര വിഷയങ്ങളില്‍ ശോഭിക്കാന്‍ കഴിയുന്നവരെയും ലക്ഷണങ്ങള്‍ വഴി ഓരോ അധ്യാപകനും തിരിച്ചറിയണം. ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ ഉള്ളവരും സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍പെട്ടവരുമായ വിദ്യാര്‍ത്ഥികളെ തലോടുന്നതില്‍ ഒട്ടും തന്നെ പിശുക്ക് പാടില്ല.

ഏകാധിപതികളെ പോലെ പെരുമാറുന്നതിന് പകരം ഗുരുനാഥന്മാര്‍ ജനാധിപത്യ ശൈലിയും ശീലിക്കണം. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ശിഷ്യര്‍ തെറ്റു ചെയ്താല്‍ കണ്ണടക്കുകയും അതേ തെറ്റു മറ്റുള്ളവര്‍ ചെയ്താല്‍ ആക്രോശിക്കുകയും ചെയ്യുമ്പോള്‍ സൃഷ്ടിക്കുന്ന വിവേചനത്തിന്റെയും അനീതിയുടെയും മുറിവുണക്കാന്‍ വൈദ്യശാസ്ത്രത്തിലെ ലേപനം മതിയാവില്ല. അധ്യാപകരുടെ അഭിനന്ദനം ടോണിക്കിന് സമമാണ്. മിടുക്കനെന്നോ മിടുക്കിയെന്നോ അധ്യാപകര്‍ പറയുന്ന വാക്കുകളോട് കിടപിടിക്കുന്ന ഒരാവാര്‍ഡും ലോകത്തിലില്ല.
വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കാന്‍ ക്ലാസ്മുറികളിലെ അധ്യാപകനു കഴിയുന്നില്ലെങ്കില്‍ അവരും ഗൂഗിള്‍ മീറ്റും വാട്‌സാപ്പും സൂമും വെര്‍ച്ചല്‍വൈറ്റ് ബോര്‍ഡും ഉപയോഗിച്ച് അധ്യാപനം നടത്തുന്ന ക്യാമറ ക്ലാസിലെ അധ്യാപകരും തമ്മില്‍ തുല്യരായിമാറും. അറിവുകള്‍ അധ്യാപകരില്‍നിന്നു മാത്രമല്ല നൂതന സാങ്കേതിക വിദ്യകള്‍ വഴിയും കരഗതമാക്കാന്‍ സാധിക്കും. കോവിഡ് വ്യാപനത്തെതുടര്‍ന്ന് സ്‌കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍, പരിശീലന കേന്ദ്രങ്ങള്‍ എല്ലാം രണ്ടു വര്‍ഷമായി അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ അധ്യയനമോ പരീക്ഷയോ അനുമോദന ചടങ്ങുകളോ മുടങ്ങിയിട്ടുമില്ല. സാങ്കേതിക മികവിന്റെ സഹായത്താല്‍ ക്ലാസ്മുറികള്‍ സൃഷ്ടിക്കാനും പാഠ്യവിഷയങ്ങള്‍ പഠിതാവിന്റെ കൈവെള്ളയിലോ മേശപ്പുറത്തോ എത്തിക്കാനും വീടുകള്‍ വിദ്യാലയമാക്കാനും വിവിധ രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എവിടെയും എപ്പോഴും പഠിക്കാമെന്ന ഓണ്‍ലൈന്‍ ആശയത്തിന്റെ സാധ്യതകള്‍ ഭാവിയിലും തള്ളികളയാനാവില്ല. നാല്‍പ്പതു പേര്‍ക്കു ക്ലാസുകള്‍ നല്‍കിയിരുന്ന അധ്യാപകന്റെ സ്ഥാനം നൂറ് കണക്കിനാളുകളുടെ സാന്നിധ്യമുളള വെര്‍ച്വല്‍ പ്രതലത്തിലേക്ക് മാറുമ്പോള്‍ തന്നെ മാനവീകതക്ക് ക്ഷതം സൃഷ്ടിക്കുന്ന പ്രവണതകള്‍ തലപൊക്കി തുടങ്ങിയതും ആശങ്കാജനകമാണ്.

മനുഷ്യന്റെ നിലനില്‍പ്പിന് യന്ത്രങ്ങളുടെ കോഡുകള്‍ മാത്രം മതിയാവില്ലന്ന പാഠം കൂടിയാണ് കൊറോണ വൈറസ് മനുഷ്യനെ പഠിപ്പിച്ചത്. കേരളത്തില്‍പോലും 160 ലേറെ വിദ്യാര്‍ത്ഥികള്‍ കോവിഡ് കാലയളവില്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. പഠനത്തില്‍ മുന്‍പന്തിയിലുള്ളവര്‍, സ്റ്റുഡന്റ് പൊലീസ് കേഡറ്റില്‍ ഉള്‍പ്പെട്ടവര്‍, രാഷ്ട്രപതി മെഡല്‍ നേടിയവര്‍വരെ ആത്മഹത്യ ചെയ്തതായാണ് ശ്രീലേഖ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പഠന സംഘത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്. നിരാശ, ഒറ്റപ്പെടല്‍, സമ്മര്‍ദ്ദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് കുട്ടികളെ നയിച്ചത്. കനിവിന്റെ ഭാഷ കൈവശമുള്ള അധ്യാപകരുടെ അസാന്നിധ്യവും കൂട്ടുകാരുമായുള്ള സഹവാസത്തിന്റെ വാതിലുകള്‍ അടഞ്ഞതുമാണ് ആത്മഹത്യക്ക് കാരണമായി മനശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. അക്ഷരങ്ങളും അക്കങ്ങളും ശരീരത്തിന്റെ ഘടനയും ഭൂമിയുടെ കിടപ്പും മാത്രമല്ല സ്‌കൂളുകളില്‍വെച്ച് അധ്യാപകര്‍ പഠിപ്പിക്കാറുള്ളത്. നൈതികത , ക്ഷമ, കാരുണ്യം, ആര്‍ദ്രത, നേതൃത്വ ഗുണം, വിട്ടുവീഴ്ച, സാഹോദ്യര്യം, വിനയം, സഹിഷ്ണുത, മതേതരത്വം, ജനാധിപത്യ ബോധം തുടങ്ങി സമൂഹത്തിന്റെ നിലനില്‍പ്പിനാവശ്യമായ ജീവിത പാഠങ്ങള്‍ കൂടിയാണ് ഓരോ അധ്യാപകരും ക്ലാസ്മുറികളില്‍ വെച്ച് പഠിപ്പിക്കാറുള്ളത്. സ്‌കൂളില്‍ പോകാനും ഗുരുനാഥന്മാരുടെ തലോടലിനുമായി കുരുന്നു ഹൃദയങ്ങള്‍ രണ്ട് വര്‍ഷമായി പ്രാര്‍ത്ഥനയിലാണ്. ഇതാ എന്റെ അധ്യാപകന്‍ എന്ന് ഒരു കുരുന്ന് എന്നെ ചൂണ്ടികാട്ടുമ്പോള്‍ എന്റെ ഹൃദയം സംഗീതം പൊഴിക്കുന്നു. അമേരിക്കന്‍ നോവലിസ്റ്റ് പാറ്റ് കോണ്‍ റോയ് അഭിപ്രായപ്പെട്ടതു പോലെ തന്റെ ജീവിതത്തില്‍ ദിശാബോധം നല്‍കിയ മഹാനായ അധ്യാപകനാണെന്ന് ശിഷ്യഗണങ്ങള്‍ ഏറ്റുപറയാന്‍ പാകത്തിലേക്ക് ഉയരാനും ഓരോ അധ്യാപകനും കഴിയേണ്ടതുണ്ട്.

 

 

 

web desk 3: