X
    Categories: CultureMoreViews

ബിഹാറില്‍ തേജശ്വി യാദവ് ഗവര്‍ണറെ കണ്ടു; സര്‍ക്കാറുണ്ടാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യം

പട്‌ന: സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച ബിഹാറിലെ വലിയ ഒറ്റക്കക്ഷിയായ രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് തേജശ്വി യാദവ് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ കണ്ടു. എം.എല്‍.എമാരുമായി രാജ്ഭവനിലെത്തിയ തേജശ്വി, തന്റെ പാര്‍ട്ടിക്കാണ് സഭയില്‍ ഭൂരിപക്ഷം എന്നു തെളിയിക്കുന്ന രേഖ കൈമാറുകയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ തന്നെ ക്ഷണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കര്‍ണാടകയില്‍ കേവല ഭൂരിപക്ഷമില്ലാത്ത വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതിനു പിന്നാലെയാണ് തേജശ്വി ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചത്.

‘ബിഹാര്‍ ഗവര്‍ണറെ കണ്ട് മൂന്നു പാര്‍ട്ടികളുടെ പിന്തുണ ബോധ്യപ്പെടുത്തി. ഞങ്ങള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയും തെരഞ്ഞെടുപ്പിനു മുന്നത്തെ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയുമായതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു.’ – സത്യപാല്‍ മാലിക്കിനെ സന്ദര്‍ശിക്കുന്ന ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ച തേജശ്വി ട്വീറ്റ് ചെയ്തു.

243 അംഗ അസംബ്ലിയില്‍ 80 സീറ്റുമായി ആര്‍.ജെ.ഡി ആണ് വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് (27 സീറ്റ്), സി.പി.ഐ (എം.എല്‍) (മൂന്ന്), ഹാംസെ (ഒന്ന്) എന്നീ പാര്‍ട്ടികളുടെ കൂടി പിന്തുണയും ആര്‍.ജെ.ഡിക്കുണ്ട്.

ഐക്യ ജനതാദള്‍ (ജെ.ഡി.യു – 70 സീറ്റ്), ബി.ജെ.പി (53), എല്‍.ജെ.പി (2), ആര്‍.എല്‍.എസ്.പി (2), സ്വതന്ത്രര്‍ (4) എന്നിവരടക്കം 131 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഭരിക്കുന്നത്. 111 പേരുടെ പിന്തുണയുള്ള പ്രതിപക്ഷ സഖ്യത്തിന് 11 പേരുടെ കൂടി പിന്തുണ ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: