X

പടക്കം പൊട്ടിക്കുന്നത് നിരോധിക്കുമ്പോള്‍ ബാങ്കുവിളിക്കുന്നതോ?; വിവാദ പരാമര്‍ശവുമായി വീണ്ടും ത്രിപുര ഗവര്‍ണര്‍തഥാഗതാ റോയി

ന്യൂഡല്‍ഹി: വിവാദ പരാമര്‍ശവുമായി വീണ്ടും ത്രിപുര ഗവര്‍ണര്‍ തഥാഗതാ റോയി. ബാങ്കുവിളിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിവാദമാവുകയായിരുന്നു. ദീപാവലിക്ക് പടക്കം നിരോധിച്ചതിനെ മുസ്‌ലിം പളളികളിലെ ബാങ്കുവിളിയുമായി താരതമ്യപ്പെടുത്തുകയായിരുന്നു തഥാഗതാ റോയി. പടക്കം പൊട്ടിക്കുന്നത് കൊണ്ട് കുഴപ്പമാണെന്നും ബാങ്കുവിളി കുഴപ്പമേ അല്ലെന്നുമായിരുന്നു ട്വീറ്റ്.

ദീപാവലി ആഘോഷങ്ങള്‍ക്ക് പടക്കം നിരോധിച്ചതിനെതിരെ വിമര്‍ശിച്ച അദ്ദേഹം ഏതാനും ദിവസങ്ങളില്‍ മാത്രം പടക്കം പൊട്ടിക്കുന്നത് പ്രശ്‌നമാണെന്നും ബാങ്കുവിളി പ്രശ്മമല്ലേയല്ലെന്നും പറഞ്ഞു. വര്‍ഷത്തില്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് പടക്കം പൊട്ടിക്കാറുള്ളത്. എന്നാല്‍ പുലര്‍ച്ചെ 4.30ന് ഉച്ചഭാഷിണിയിലൂടെ ബാങ്കുവിളിക്കുന്നതിന് യാതൊരു കുഴപ്പവുമില്ല. ഈ ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള നിശ്ശബ്ദത വല്ലാതെ അമ്പരപ്പിക്കുന്നു. ഉച്ചഭാഷിണിയെക്കുറിച്ച് ഖുറാനിലോ ഏതെങ്കിലും ഹദീസിലോ പറഞ്ഞിട്ടില്ലെന്നും തഥാഗത റോയ് പറയുന്നു.

നേരത്തേയും വിവാദട്വീറ്റിലൂടെ നിറഞ്ഞുനിന്ന ഗവര്‍ണറാണ് തഥാഗതാ റോയി. ഇന്ന് പടക്കങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്നു. അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടി നാളെ ആരെങ്കിലും ഹിന്ദുക്കളുടെ ശവസംസ്‌കാരത്തിനെതിരെയും ഹര്‍ജിയുമായി വന്നാലോ എന്നായിരുന്നു മറ്റൊരു ട്വീറ്റ്. വായുമലിനീകരണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ചിലയിടങ്ങളില്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിരുന്നു. ബംഗാളിലുള്‍പ്പെടെ പടക്കം പൊട്ടിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്വീറ്റുമായി തഥാഗതാ റോയി രംഗത്തെത്തുന്നത്.

chandrika: