X
    Categories: main stories

അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അന്തരിച്ചു

ന്യൂഡൽഹി ∙ മുതിർന്ന കോൺഗ്രസ് നേതാവും അസം മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയ് (84) അന്തരിച്ചു. ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഈ മാസം രണ്ടിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് ഏതാനും ദിവസമായി വെന്റിലേറ്ററിലായിരുന്നു.

2001 മുതൽ 2016 വരെ തുടർച്ചയായി മൂന്നു തവണ അസം മുഖ്യമന്ത്രിയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നതും തരുൺ ഗൊഗോയ് ആണ്. 1934 ഒക്ടോബർ 11ന് അസമിലെ ജോർഹതിലെ രംഗജൻ തേയില എസ്റ്റേറ്റിലായരുന്നു ജനനം. അച്ഛൻ ഡോ. കമലേശ്വർ ഗൊഗോയ്. അമ്മ ഉഷ ഗൊഗോയ്. അസം ഗുവാഹത്തി യൂണിവേഴ്സിറ്റിയിൽ നിന്നാണ് നിയമ പഠനം പൂർത്തിയാക്കിയത്.

1968 ൽ ജോർഹത് മുനിസിപ്പൽ മെംബറായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1971ൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1976 ൽ എഐസിസി ജോയിന്റ് സെക്രട്ടറിയായി. 86ലും 96ലും അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി. 1997 ൽ മാർഗരിറ്റ മണ്ഡലത്തിൽനിന്ന്നിന്ന് അസം നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2001 മുതൽ ടിറ്റബർ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.

മൂന്നു തവണ തുടർച്ചയായി അസമിൽ കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ചത് തരുൺ ഗൊഗോയ് ആയിരുന്നു. എന്നാൽ 2014 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയോട് തോൽവി സമ്മതിക്കേണ്ടി വന്നു. പൗരത്വ നിയമത്തിനെതിരായ പോരാട്ടത്തിനായി 37 വർഷത്തിനു ശേഷം വക്കീൽ കുപ്പായമണിഞ്ഞ് അദ്ദേഹം സുപ്രീം കോടതിയിൽ എത്തിയിരുന്നു. ഡോളി ഗൊഗോയ് ആണ് ഭാര്യ. മക്കൾ: ചന്ദ്രിമ, ഗൗരവ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: