X

ആ കുഞ്ഞിന്റെ മുഖം മനസ്സില്‍നിന്ന് മായുന്നില്ല: സയ്യിദ് സാദിഖലി തങ്ങള്‍

ആ കുഞ്ഞിന്റെ മുഖം മനസ്സില്‍നിന്ന് മായുന്നില്ലെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ആലുവയില്‍ അഞ്ചുവയസുള്ള കുരുന്ന് അതിദാരുണമായി കൊലചെയ്യപ്പെട്ട സംഭവം ഹൃദയാന്തരങ്ങളിലേക്ക് നോവായി പടരുകയാണ്. മാധ്യമങ്ങളില്‍ വരുന്ന വിവരണങ്ങള്‍ മനസ്സിലേക്ക് കൂരമ്പുപോലെയാണ് തറച്ചുകയറുന്നത്. ആ കുഞ്ഞുമോളുടെ നിഷ്‌കളങ്കമായ മുഖവും ചിരിയും മനസില്‍ നിന്നും മായുന്നേയില്ല. ഇനിയൊരു കുഞ്ഞിനും ഇങ്ങനെയൊരു ഗതി വരാതിരിക്കട്ടെ.

പിഞ്ചുമക്കളെ പോലും ക്രൂരമായി കൊലചെയ്യാന്‍ തക്കവണ്ണം നമ്മുടെ സാമൂഹ്യപരിസരം മാറിയിരിക്കുന്നുവെന്നത് അത്യധികം വേദനയും ഞെട്ടലുമുളവാക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു.

മനസ്സ് മരവിപ്പിക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങളില്‍ മിക്കപ്പോഴും വില്ലനാകുന്നത് ലഹരിയാണ്. മദ്യനയത്തെ കുറിച്ച് ജനങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്ന ഈ ഘട്ടത്തില്‍ ഇത്തരം സംഭവങ്ങള്‍ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണം. ഏത് സര്‍ക്കാര്‍ ആയാലും ലഹരി സുലഭമാക്കുന്നതിന് പകരം അതിനെ നിരുത്സാഹപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. നാടിനെ കുരുതി കൊടുത്തിട്ടല്ല വരുമാനം ഉണ്ടാക്കേണ്ടത്.

മാരകമായ പല ലഹരികളും ഇന്ന് പല രൂപത്തില്‍ സമൂഹത്തില്‍ വ്യാപകമാണ് ഇതിനെതിരെ നമ്മുടെ നിയമ സംവിധാനം കടുത്ത നടപടികള്‍ എടുത്തേ പറ്റൂ. ഈ സംഭവം നമുക്ക് ഒരു ഓര്‍മപ്പെടുത്തലും മുന്നറിയിപ്പുമാകട്ടെ. ഇനിയും ഇങ്ങനെയൊന്ന് സംഭവിക്കാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം അദ്ദേഹം പറഞ്ഞു.

webdesk11: