X

നാടിനെ നടുക്കി മഞ്ചേരിയിലെ അപകടം; മജീദിന്റെ ഖബറടക്കം മഞ്ചേരി സെന്‍ട്രല്‍ ജുമാമസ്ജിദില്‍

മഞ്ചേരിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു. ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലേക്ക് കൊണ്ട് പോകും. രാവിലെ10 മണിക്ക് മഞ്ചേരി സെന്റ്രല്‍ ജുമാ മസ്ജിദില്‍ ഖബറടക്കം നടക്കും.

ഒരേ കുടുംബത്തിലുള്ള മുഹ്‌സിന, തസ്‌നീമ, റിന്‍ഷ ഫാത്തിമ, റൈഹ ഫാത്തിമ്മ എന്നിവരുടെ മൃതദേഹം മഞ്ചേരി കിഴക്കേത്തല മദ്രസയില്‍ പൊതുദര്‍ശനത്തിന് വെക്കും. മുഹ്‌സിനയുടെ ഖബറടക്കം മഞ്ചേരി ജുമാമസ്ജിദിലും തസ്നീമയുടെയും രണ്ട് മക്കളുടെയും കബറടക്കം കാളികാവ് വെളളയൂര്‍ ജുമാമസ്ജിദിലും നടക്കും.

അതേസമയം, മഞ്ചേരി വാഹനാപകടത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. റോഡിന്റെ അശാസ്ത്രീയതയാണ് അപകടകാരണമെന്ന് കാണിച്ച് അരീക്കോട് – മഞ്ചേരി റോഡ് നാട്ടുകാര്‍ ഉപരോധിച്ചു. തുടര്‍ന്ന് അധികാരികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചത്.

മഞ്ചേരി കിഴക്കേതലയില്‍ നിന്ന് പുല്ലൂരിലേക്ക് പോകുന്ന ഓട്ടോയാണ് അപകടത്തില്‍ പെട്ടത്. ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദ്, മുഹ്‌സിന സഹോദരി തസ്‌നീമ, തസ്‌നിമയുടെ മക്കളായ മോളി(7),റൈസ(3) എന്നിവരാണ് മരിച്ചത്.

ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന സാബിറ, മുഹമ്മദ് നിഷാദ്(11), ആസാ ഫാത്തിമ(4), മുഹമ്മദ് അസാന്‍, റൈഹാന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇറക്കം ഇറങ്ങിവന്ന ബസ്സാണ് ഓട്ടോയിലേക്ക് ഇടിച്ചു കയറിയത്.

പിഴവ് ആരുടെ ഭാഗത്താണെന്ന് ഇപ്പോള്‍ പറയാന്‍ ആവില്ലെന്ന് മലപ്പുറം എസ്പി പറഞ്ഞിരുന്നു. അപകടകാരണത്തെക്കുറിച്ച് അടുത്ത ദിവസം തന്നെ മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്ന് പൊലീസ് സംയുക്ത പരിശോധന നടത്തും.

അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവറെ മഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് തീര്‍ത്ഥാടകരെ മറ്റൊരു വാഹനത്തില്‍ ശബരിമലയിലേക്ക് അയക്കുകയായിരുന്നു.

 

webdesk13: