X

പോര് കനക്കുന്നു; ഗവര്‍ണര്‍ തിരിച്ചയച്ച 10 ബില്ലുകള്‍ വീണ്ടും പാസാക്കി തമിഴ്നാട് നിയമസഭ

തമിഴ്‌നാട്ടില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമാവുന്നതനിടെ, ഗവര്‍ണര്‍ ആര്‍എന്‍ രവി തിരിച്ചയച്ച 10 ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കി. ബില്ലുകള്‍ ഗവര്‍ണര്‍ തിരിച്ചയച്ചതിനു പിന്നാലെ ഇതിനായി നിയമസഭ പ്രത്യേക സമ്മേളനം ചേരുകയായിരുന്നു.

ബില്ലുകള്‍ വീണ്ടും പരിഗണിക്കുന്നതിനിടെ പ്രതിപക്ഷമായ എഐഎഡിഎംകെയും ബിജെപിയും സഭ ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആണ് ബില്ലുകള്‍ വീണ്ടും പരിഗണിക്കുന്നതിനു പ്രമേയം അവതരിപ്പിച്ചത്.

2020ലും 2023ലും പാസാക്കിയ രണ്ടു ബില്ലുകള്‍ വീതവും കഴിഞ്ഞ വര്‍ഷം പാസാക്കിയ 6 ബില്ലുകളുമാണ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം തിരിച്ചയച്ചത്. പ്രത്യേക കാരണമൊന്നും കാണിക്കാതെയാണ് ഗവര്‍ണറുടെ നടപടി. തിരിച്ചയയ്ക്കുന്ന ബില്ലുകള്‍ സഭ വീണ്ടും പാസാക്കിയാല്‍ ഗവര്‍ണര്‍ അനുമതി നല്‍കുന്നതാണ് കീഴ്‌വഴക്കം.

പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്. സര്‍ക്കാരിന്റെ മുന്നോട്ടുപോക്കിന് ഗവര്‍ണര്‍ തടസ്സം നില്‍ക്കുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. ബിജെപി ഇതര സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍മാര്‍ വഴി ഉന്നമിടുകയാണെന്ന് സ്റ്റാലിന്‍ ആരോപിച്ചു.

 

webdesk13: