X

സിക്കിമില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ വൈശാഖിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

പാലക്കാട്: സിക്കിമില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ വൈശാഖിന്റെ മൃതദേഹം നാളെ ജന്മനാടായ മാത്തൂരില്‍ എത്തിക്കും. ഇന്ന് ഗാങ്ടോക്കില്‍വച്ച് പോസ്റ്റുമോര്‍ട്ടം അടക്കം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാണ് നാട്ടിലേക്ക് കൊണ്ടുവരുന്നത്. മൃതദേഹം സൈനിക ബഹുമതികളോടെ സംസ്‌കരിക്കുന്നതിനും ഒരുക്കങ്ങളും വിലയിരുത്തുന്നതിന് സേനയില്‍ നിന്നുളള ഉദ്യോഗസ്ഥന്‍ ഇന്ന് വീട്ടിലെത്തിയരിരുന്നു.

ഗാങ്ടോക്കില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം എംബാമിങ് നടപടികള്‍ പൂര്‍ത്തിയായ ശേഷം ഉന്നത സൈനികര്‍ അന്തിമോചാരം അര്‍പ്പിക്കും. തുടര്‍ന്ന് കോയമ്പത്തൂര്‍ വിമാനത്താവളം വഴി രാത്രിയോടെ വൈശാഖിന്റെ മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. കോയമ്പത്തൂരില്‍ നിന്ന് വാളയാര്‍ വഴി റോഡ് മാര്‍ഗം മൃതദേഹം ആംബുലന്‍സില്‍ രാത്രിയോടെ വീട്ടിലെത്തിക്കും.

തിങ്കളാഴ്ച രാവിലെ പൊതുദര്‍ശനത്തിന് ശേഷം ഐവര്‍മഠത്തില്‍ സംസ്‌കരിക്കും. മൃതദേഹം നാട്ടിലെത്തിക്കുന്ന വിവരം ഇന്നലെ ഉച്ചയോടെയാണ് ബന്ധുക്കള്‍ക്ക് അറിയിപ്പ് ലഭിച്ചത്. കോയമ്പത്തൂരിലെത്തുന്ന മൃതദേഹം കരസേനയുടെ മധുക്കര യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങും. വീടിന് പുറമെ ചെങ്ങന്നിയര്‍ എ.യു.പി സ്‌കുളിലും പൊതുദര്‍ശനത്തിന് വെക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ തന്‍വികിന്റെ ഒന്നാംപിറന്നാളാഘോഷം കഴിഞ്ഞ് മടങ്ങിയ വൈശാഖിന്റെ വിയോഗം നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. രണ്ടുദിവസം മുമ്പും വൈശാഖ് വീട്ടിലേക്ക് വിളിച്ചിരുന്നു. ആദ്യം അപകടത്തില്‍പ്പെട്ട വിവരം മാത്രമാണ് ഭാര്യ ഗീതയെ അറിയിച്ചതെങ്കിലും വൈകീട്ടോടെ മരിച്ചവിവരം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. വി.കെ ശ്രീകണ്ഠന്‍ എം.പി, എം.എല്‍.എ മാരായ ഷാഫി പറമ്പില്‍, എ.പ്രഭാകരന്‍, മന്ത്രി രാജേഷ് ഉള്‍പ്പടെ നിരവധി പേര്‍ ഇന്നലെ വൈശാഖിന്റെ വീട് സന്ദര്‍ശിച്ചു. ജില്ലാകലക്ടര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും വീട്ടിലെത്തി സംസ്‌കാര ക്രമീകരണങ്ങളെക്കുറിച്ച് വിലയിരുത്തി.

webdesk11: