X

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്; നിര്‍ണായകമായി ജാതി സമവാക്യങ്ങള്‍

ബംഗളൂരു: പ്രവചനാതീതമായ കര്‍ണാടകയുടെ ജനവിധിയില്‍ നിര്‍ണാടയകമാകുക ജാതി സമവാക്യങ്ങള്‍. ആറ് മേഖലകളായി വിഭജിക്കപ്പെട്ടതാണ് കര്‍ണാടകയുടെ രാഷ്ട്രീയ ഭൂപടം. ഓരോ മേഖലയിലെയും രാഷ്ട്രീയ സ്വഭാവവും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങളും വ്യത്യസ്ഥമാണ്. ഇതാണ് തെരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കി മാറ്റുന്നത്.

പ്രാദേശികമായ ഈ വൈരുദ്ധ്യങ്ങള്‍ക്കിടയില്‍ വോട്ടര്‍മാരെ ഒരു പാര്‍ട്ടിക്ക് പിന്നില്‍ അണിനിരത്തിയേക്കാവുന്ന ഒരേ ഒരു ഘടകം ജാതി മാത്രമാണ്. ജാതി സമവാക്യങ്ങളില്‍ ബി.ജെ.പിക്കും ജെ.ഡി.എസിനും ഒരു പടി മുന്നിലാണ് കോണ്‍ഗ്രസ്. എഴുപതുകളില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അഹിന്ദ രാഷ്ട്രീയം ശക്തമായി തിരിച്ച് കൊണ്ട് വന്നാണ് മുഖ്യമന്ത്രി സിദ്ധാരമയ്യ ഇത് സാധ്യമാക്കിയത്. ദലിത് – ഒ.ബി.സി-മുസ്‌ലിം വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഈ ബ്ലോക്കില്‍ വിള്ളല്‍ വീഴ്ത്താന്‍ ബി. ജെ.പിക്ക് കഴിയുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ആകെ വോട്ടര്‍മാരുടെ നാല്‍പ്പത്തിയഞ്ച് ശതമാനം വരുന്ന അഹിന്ദ ബ്ലോക്കിനെ ലക്ഷ്യം വെച്ച് കഴിഞ്ഞ അഞ്ച് വര്‍ഷം സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പദ്ധതികളിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ലിംഗായത്ത്-ബ്രാമിന്‍ കോമ്പിനേഷനാണ് ബി.ജെ.പിയുടെ വോട്ട് ബാങ്ക്. പക്ഷെ അധികാരം പിടിക്കണമെങ്കില്‍ അഹിന്ദ വോട്ടുകള്‍ കോ ണ്‍ഗ്രസില്‍ കേന്ദ്രീകരിക്കപ്പെടുന്നത് തടയണം. എസ്.സി, എസ്.ടി വോട്ടുകളില്‍ കടന്ന് കയറാന്‍ ബി ശ്രീരാമലുവിനെ ഉയര്‍ത്തിക്കാട്ടി ഹൈദരബാദ് കര്‍ണാടകയില്‍ നടത്തിയ പ്രചാരണം അതിന് വേണ്ടിയായിരുന്നു. വൊക്കലിഗ സമുദായം പതിവ് പോലെ ജെ.ഡി.എസിന് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരക്കുമെന്നാണ് കരുതപ്പെടുന്നത്.

പക്ഷെ കിങ് മേക്കര്‍ സ്വപ്‌നം പൂവണിയാന്‍ കോണ്‍ഗ്രസിലേക്ക് പോകുന്ന മുസ്‌ലിം, ദലിത് വോട്ടുകള്‍ പിടിച്ച് നിര്‍ത്തണം. അതിന് വേണ്ടിയാണ് മായാവതിയുടെ ബി.എസ്.പിയെയും അസദുദ്ധീന്‍ ഉവൈസിയുടെ എ.ഐ.എം.എമ്മിനെയും സഖ്യത്തിലാക്കിയത്. ചുരുക്കത്തില്‍ അഹിന്ദ സമുദായങ്ങള്‍ക്കിടയിലെ സിദ്ധാരാമയ്യയുടെ സ്വാധീനം ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒറ്റക്ക് അധികാരത്തിലെത്തുകയെന്നത് ബി.ജെ.പിയുടെ സ്വപ്‌നം മാത്രമായി അവശേഷിക്കും.

chandrika: