X

‘സംസ്ഥാന ഖജനാവില്‍നിന്ന് ഭാരിച്ച പണം ചെലവഴിച്ച് മുഖ്യമന്ത്രി സ്വന്തം തടി സംരക്ഷിക്കാന്‍ നോക്കുന്നു’: കെ.സുധാകരൻ

കോട്ടയം: പിണറായിയും ടി.പി.ചന്ദ്രശേഖരനും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് ടി.പിയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി. കുലംകുത്തിയെന്നു പരസ്യമായി വിളിച്ച പിണറായി വിജയന്‍ ചന്ദ്രശേഖരന്‍ മരിച്ച ശേഷവും കുലംകുത്തി എപ്പോഴും കുലംകുത്തി തന്നെയെന്നാണ് പ്രതികരിച്ചത്. അതുകൊണ്ടു തന്നെ ആ ഗൂഢാലോചനയെ കുറിച്ച് അന്വേഷിച്ച് അതില്‍ പങ്കാളിത്തമുള്ളവരെ കണ്ടെത്തണം. പിണറായി വിജയനെ കുത്തിനു പിടിച്ച് പുറത്താക്കണമെന്നും കേരളത്തിന് നാണക്കേടാണെന്നും പറഞ്ഞ കെ.എസ്.ഹംസയെയാണ് പൊന്നാനിയില്‍ എല്‍ഡിഎഫ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാഥിയാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് ഹംസ വ്യക്തമാക്കണം. പിണറായിയെ അപമാനിച്ച ഹംസയെ ചുമക്കാന്‍ തയാറാണോയെന്ന് സിപിഎമ്മും വ്യക്തമാക്കണമെന്നു കെ.സുധാകരൻ പറഞ്ഞു.

ലാവ്‌ലിന്‍ കേസ് അന്തിമതീര്‍പ്പിനായി മേയ് ഒന്നിനു സുപ്രീംകോടതിയും കിഫ്ബി മസാല ബോണ്ട് ഇടപാട് ഈ മാസം 27നും 28നും ഇ.ഡിയും  പരിഗണിക്കുന്ന സാഹചര്യത്തിലാണ് ലാവ്‌ലിന്‍ കേസിലെ സാക്ഷിയും കിഫ്ബി സിഇഒയുമായ  മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം.എബ്രാഹാമിനു കാബിനറ്റ് റാങ്ക് പദവി നൽകിയത്. ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗത്തിന് കാബിനറ്റ് പദവി നല്‍കുന്നത് നിര്‍ണായകമായ രണ്ടു കേസുകളില്‍ മുഖ്യമന്ത്രി പിണറായി വിജയനു മനുഷ്യകവചം തീര്‍ക്കാനാണ്. സംസ്ഥാന ഖജനാവില്‍നിന്ന് ഭാരിച്ച പണം ചെലവഴിച്ചാണ് മുഖ്യമന്ത്രി സ്വന്തം തടി  സംരക്ഷിക്കാന്‍ നോക്കുന്നത്. കെ.എം.എബ്രഹാം ചീഫ് സെക്രട്ടറിയായി വിരമിച്ചശേഷം കിഫ്ബി സിഇഒ ആയി നിയമിക്കപ്പെട്ടപ്പോള്‍ പെന്‍ഷന്‍ തുക കുറച്ചശേഷമാണ് പുതിയ തസ്തികയില്‍ ശമ്പളം നല്‍കേണ്ടിയിരുന്നത്. എന്നാല്‍, ചീഫ് സെക്രട്ടറിയെന്ന നിലയില്‍ ലഭിച്ചിരുന്ന 2.25 ലക്ഷം രൂപയേക്കാള്‍ അരലക്ഷം രൂപ കൂട്ടി 2.75 ലക്ഷം രൂപയാണ് ശമ്പളം നല്‍കിയത്. 2019 മുതല്‍ എല്ലാവര്‍ഷവും 10 ശതമാനം വര്‍ധനയുമുണ്ട്. ഇതിനു പുറമേയാണ് ഇപ്പോള്‍ കാബിനറ്റ് പദവി നൽകിയത്. മന്ത്രിമാര്‍ക്ക് സമാനമായ ആനുകൂല്യങ്ങളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.

കെപിസിസി സംഘടിപ്പിക്കുന്ന സമരാഗ്നി പത്തു ജില്ലകള്‍ പൂര്‍ത്തിയാക്കി. ആവോശകരമായ സ്വീകരണമാണ് പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സമരാഗ്നിയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചാ സദസില്‍ സാധാരണക്കാരുമായാണ് സംവദിക്കുന്നത്. വിചാരിക്കുന്നതിനും അപ്പുറമാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം. സര്‍ക്കാരിനെതിരായ അവമതിപ്പാണ് സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമായത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പുരോഗതിയും വികസനവുമായിരുന്നെങ്കില്‍ പിണറായിയുടെ കാലം ജനദ്രോഹത്തിന്റേതാണെന്നാണ് ജനങ്ങള്‍ വ്യക്തമാക്കുന്നത്. ഇവിടെ ഒരു ഭരണം ഉണ്ടോയെന്നു തന്നെ സംശയമാണ്. സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു നടപടികളും കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.

webdesk14: