X

മുഖ്യമന്ത്രിയുടെ ‘മുഖാമുഖം’ പരിപാടിയും സ്പോൺസർഷിപ്പിൽ; ആളുകളെ കണ്ടെത്താൻ ഉത്തരവിറക്കി

നവകേരള സദസിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന ‘മുഖാമുഖം’ പരിപാടിക്കും സ്പോൺസർമാരെ കണ്ടെത്താൻ നിർദേശം. പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

സംഘാടക സമിതിയുടെ നേതൃത്വത്തിൽ വകുപ്പ് മന്ത്രിയും സെക്രട്ടറിയുമാണ് ഉണ്ടാവുക. മുഖാമുഖം പരിപാടി നടക്കുന്ന ഹാളും ലഘുഭക്ഷണം, മൈക്ക്, നോട്ടീസ് അടക്കമുള്ള സൗകര്യങ്ങളും സംഘാടക സമിതി കണ്ടെത്തണം. ഇതോടെ സ്പോൺസർമാരെ കണ്ടെത്താനുള്ള ചുമതല സർക്കാർ ഉദ്യോഗസ്ഥരിലെത്തി.

ഫെബ്രുവരി 18 മുതൽ മാർച്ച് 3 വരെ സംസ്ഥാനത്തെ 10 ഇടങ്ങളിലാണ് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി നടക്കുക. സ്ത്രീകൾ, മുതിർന്ന പൗരന്മാർ, വിദ്യാർഥികൾ, പട്ടിക വർഗക്കാർ, യുവജനങ്ങൾ അടക്കം രണ്ടായിരം പേർ ഓരോ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കും.

അതേസമയം, നവകേരള സദസിനും കേരളീയത്തിനും ആരിൽ നിന്നെല്ലാം സ്പോൺസർഷിപ്പ് കിട്ടിയെന്ന വിവരം സർക്കാർ പുറത്തുവിട്ടിരുന്നില്ല. നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എമാർ നൽകിയ ചോദ്യത്തിനും മറുപടി ലഭിച്ചിരുന്നില്ല. എന്നാൽ, കേരളീയത്തിന് 10 കോടി 82 ലക്ഷം രൂപ പി.ആർ.ഡി ഡയറക്ടറുടെ ബാങ്ക് അക്കൗണ്ടിൽ ലഭിച്ചുവെന്ന വിവരാവകാശ രേഖ പുറത്തുവന്നിരുന്നു.

webdesk13: