X

ചൈനയില്‍ മഴ പെയ്താല്‍ തിരുവനന്തപുരത്ത് കുടപിടിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍;വിഡി സതീഷന്‍

ചൈനയില്‍ മഴ പെയ്താല്‍ തിരുവനന്തപുരത്ത് കുടപിടിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീഷന്‍.അതിന് അടിവരയിടുന്ന നിലപാടാണ് സി.പി.എം പി.ബി അംഗം എസ് രാമചന്ദ്രന്‍ പിള്ള സ്വീകരിച്ചിരിക്കുന്നത്. നമ്മുടെ അതിര്‍ത്തിയില്‍ നിരന്തരമായ സംഘര്‍ഷമാണ് ചൈന ഉണ്ടാക്കുന്നത്. അരുണാചല്‍ പ്രദേശിന്റെ വലിയൊരു ഭാഗം ചൈന കൈയ്യേറിയിട്ടുണ്ട്. ഇത്തരത്തില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യ താല്‍പര്യത്തേക്കാള്‍ കൂടുതല്‍ ചൈനയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കാനുള്ള സി.പി.എമ്മിന്റെ നീക്കം പ്രതിഷേധാര്‍ഹമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞു.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന് സമാനമായ രീതിയിലാണ് ചൈനയുടെ വിദേശകാര്യ നയം. ഇന്ത്യയ്ക്ക് ചുറ്റുമുള്ള ശത്രുരാജ്യങ്ങളുമായി മറ്റു ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന ചൈന, നമ്മുടെ സുരക്ഷിതത്വത്തിന് പോലും ഭീഷണി ഉയര്‍ത്തുകയാണ്. ഇന്ത്യ- ചൈന യുദ്ധകാലത്ത് ഇ.എം.എസ് പറഞ്ഞതു പോലെ, ‘ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും പറയുന്ന ഭൂ പ്രദേശം’ എന്ന വിവാദ പ്രസ്താവനയ്ക്ക് സമാനമായ ഒരു നീക്കമാണ് സി.പി.എം നേതൃത്വം നടത്തുന്നത്. ചൈനയുടെ കാര്യത്തില്‍ പാര്‍ട്ടി നയം എന്താണെന്ന് സി.പി.എം വ്യക്തമാക്കണം. രാജ്യ താല്‍പര്യമാണോ ചൈനയുടെ താല്‍പര്യമാണോ വലുത്? ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണോ ഇന്ത്യയിലെ സി.പി.എമ്മിനെ നിയന്ത്രിക്കുന്നതെന്നും വ്യക്തമാക്കണം പ്രതിപക്ഷ നേതാവ് കൂട്ടിചേര്‍ത്തു.

അതെ സമയം കെ.റെയില്‍ അധികൃതരുമായുള്ള ചര്‍ച്ചയില്‍ റെയില്‍വേ ബോര്‍ഡ് പ്രതിനിധികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ കേരളത്തിലെ പ്രതിപക്ഷം ഉന്നയിക്കുന്ന അതേ ചോദ്യങ്ങളാണ്, പദ്ധതി ചിലവ് 64000 കോടി എന്നത് യഥാര്‍ഥ്യ ബോധ്യമില്ലാത്ത കണക്കാണെന്ന് റെയില്‍വേ ബോര്‍ഡും പറയുന്നു. സര്‍ക്കാരിന്റെ പക്കല്‍ യാതൊരു കണക്കുമില്ല. ഡാറ്റാ തിരിമറിയാണ് സര്‍ക്കാര്‍ നടത്തുന്നത്. മുഖ്യമന്ത്രി മൗനത്തിലാണ്. വരേണ്യവര്‍ഗത്തോട് മത്രമേ മുഖ്യമന്ത്രി സംസാരിക്കൂ. പ്രതിപക്ഷം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള ധാര്‍മിക ബാധ്യത മുഖ്യമന്ത്രിക്കുണ്ട്  സതീഷന്‍ ഓര്‍മിപ്പിച്ചു.

web desk 3: