X

പാര്‍ട്ടിയിലേക്കു വന്നവരുടെ മതം തിരിച്ച് കണക്ക് പുറത്തുവിട്ട് സി.പി.എം

പി അബ്ദുല്‍ ലത്തീഫ് കോഴിക്കോട്

ജില്ലാ സമ്മേളനത്തിനു മുന്നോടിയായി മറ്റു പാര്‍ട്ടികളില്‍ നിന്നും വന്നവരെ മതം തിരിച്ച് പട്ടിക പുറത്തു വിട്ട് സി.പി.ഐ.എം. കോഴിക്കോട് ജില്ലയില്‍ മുസ്്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്ന് 282 പേര്‍ പാര്‍ട്ടിയിലേക്ക് വന്ന വിവരം പാര്‍ട്ടി പത്രത്തിലൂടെയാണ് സി.പി.ഐ.എം പുറത്തു വിട്ടത്. എന്നാല്‍ ഹിന്ദു മതത്തില്‍ നിന്ന് എത്ര പേര്‍ വന്നുവെന്ന കണക്ക് പുറത്തു വിട്ടിട്ടില്ല. അതേസമയം പാര്‍ട്ടിയിലേക്ക് വന്നവരെ മതം തിരിച്ച് എണ്ണം പുറത്തുവിട്ടത് വിമര്‍ശനത്തിനും കാരണമായി. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടി പത്രത്തില്‍ വന്ന വാര്‍ത്ത സഹിതമാണ് വിമര്‍ശനം ഉയരുന്നത്.

കേരളത്തില്‍ ഇന്നേ വരെ ഒരു പാര്‍ട്ടിയും ഇതു പോലൊരു കണക്ക് പുറത്തു വിട്ടിട്ടില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. എന്താവശ്യത്തിനാണ് ഇത്തരമൊരു കണക്ക് പുറത്തു വിടുന്നതെന്നും ചോദ്യങ്ങള്‍ ഉയരുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത പാര്‍ട്ടിയാണ് സി.പി.ഐ.എം എന്നതിനുള്ള മറുപടിയാണോ കണക്ക് എന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എന്തിന്റേ പേരിലാണെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരെ മതം തിരിച്ച് കണക്കെടുക്കേണ്ടതില്ലായിരുന്നുവെന്നും വിമര്‍ശകര്‍ പറയുന്നു. അതേസമയം മറ്റു പാര്‍ട്ടികളില്‍ നിന്നുമായി കോഴിക്കോട് ജില്ലയില്‍ ആകെ പതിനായിരത്തിലേറെ പേര്‍ സി.പി.ഐ.എമ്മിലേക്ക് വന്നു എന്നത് വസ്തുതാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

കണക്കുകള്‍ പുറത്തു വിടുമ്പോള്‍ ഒരു നിയന്ത്രണം പാലിച്ചു കൂടെ എന്നാണ് ചോദ്യമുയരുന്നത്. വടകര മേഖലയില്‍ സി.പി.എമ്മിന് വന്‍ ഭീഷണിയായ ആര്‍.എം.പി.ഐയില്‍ നിന്ന് 630 ഓളം പ്രവര്‍ത്തകര്‍ എത്തിയെന്നാണ് സി.പി.ഐ.എം പറയുന്നത്. എന്നാല്‍ കണക്കുകള്‍ ശുദ്ധ അംസബന്ധമാണെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു. നാല് വര്‍ഷത്തിനിടക്ക് പാര്‍ട്ടിയില്‍ നിന്ന് ചെറിയ തോതില്‍ ആളുകള്‍ പോയിട്ടുണ്ട്. എന്നാല്‍ പോയതിനേക്കാളേറെ പേര്‍ തിരിച്ചു വരികയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്കല്‍ ഏരിയാ കമ്മിറ്റികളില്‍ സീനിയര്‍ നേതാക്കളെ വെട്ടിനിരത്തിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് ശേഷമാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. കോഴിക്കോട് സൗത്ത്, നോര്‍ത്ത്, വടകര തുടങ്ങിയ ഏരിയാ കമ്മിറ്റികളിലൊക്കെ പ്രമുഖ നേതാക്കളെ വെട്ടിനിരത്തിയിരുന്നു. നേതാക്കള്‍ക്ക് താത്പര്യമില്ലാത്തവരെ ഒരു സ്ഥലത്തും വെച്ചുപൊറുപ്പിച്ചിട്ടില്ല. ഓരോ പ്രദേശങ്ങളിലും ഇങ്ങിനെ നേതാക്കളെ വെട്ടിനിരത്തുകയുണ്ടായി. അതേസമയം പാര്‍ട്ടിയിലെത്തിയവരുടെ പട്ടിക മതം തിരിച്ചു പുറത്തുവിട്ടത് പാര്‍ട്ടിക്കുള്ളില്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

 

 

 

web desk 3: