X

തൊഴിലാളികള്‍ക്ക് ആശ്വാസമേകുന്ന വിധി

വിശാല്‍ ആര്‍.

പി.എഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി പുപ്പെടുവിച്ച വിധി. 2014 ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം പി.എഫില്‍നിന്ന് പെന്‍ഷന്‍ സ്‌കീമിലേക്ക് മാറ്റുന്ന തുകക്ക് അടിസ്ഥാനമാക്കുന്ന ശമ്പളത്തിന് 15,000 രൂപയുടെ മേല്‍പരിധി നിശ്ചയിച്ചിരുന്നു. ഇത് റദ്ദാക്കിയ കേരള ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവച്ചിരിക്കുകയാണ്. ഇതോടെ ശമ്പളത്തിന് ആനുപാതികമായി തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭിക്കും. ഇത് നടപ്പിലാക്കുന്നതിന് സര്‍ക്കാരിനും ഇ.പി.എഫ്.ഒക്കും സുപ്രീംകോടതി ആറ് മാസത്തെ സമയപരിധി അനുവദിച്ചിട്ടുണ്ട്. ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനാണ് സമയം നല്‍കിയത്. അതേസമയം പെന്‍ഷന്‍ കണക്കാക്കുന്നതിന് അവസാനത്തെ അറുപത് മാസത്തെ ശമ്പളത്തിന്റെ ശരാശരി അടിസ്ഥാനമാക്കണമെന്ന നിയമഭേദഗതിയിലെ വ്യവസ്ഥ കോടതി അംഗീകരിച്ചു. ഇത് തൊഴിലാളികള്‍ക്ക് തിരിച്ചടിയാണ്. അവസാന 12 മാസത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കണമെന്നതായിരുന്നു തൊഴിലാളികളുടെ ആവശ്യം. അത് അറുപത് മാസമായി അംഗീകരിച്ചതോടെ ശമ്പളത്തില്‍ ഗണ്യമായ വ്യത്യാസം വരും. 2014 സെപ്തംബര്‍ ഒന്നിന് മുമ്പ് വിരമിച്ചവര്‍ക്ക് വിധിയുടെ ആനുകൂല്യം ലഭിക്കില്ല. ഭേദഗതി നിലവില്‍ വന്നതിന്‌ശേഷം വിരമിച്ചവര്‍ക്ക് സ്‌കീമില്‍ ചേരുന്നതിന് നാല് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഉയര്‍ന്ന ശമ്പളക്കാര്‍ 1.16 ശതമാനം വിഹിതം നല്‍കണമെന്ന നിര്‍ദ്ദേശം റദ്ദാക്കിയതും തൊഴിലാളികള്‍ക്ക് അനുകൂലമാണ്.

കൂടുതല്‍ ശമ്പളമുള്ളവര്‍ക്ക് കൂടുതല്‍ പെന്‍ഷന്‍ ലഭിക്കാനുള്ള സാഹചര്യമൊരുങ്ങുന്നതാണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധി. പരിധി നിശ്ചയിക്കാനാകില്ലെന്നും ജീവനക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കൂടുതല്‍ തുക പെന്‍ഷന്‍ സ്‌കീമില്‍ നിക്ഷേപിക്കാമെന്നുമായിരുന്നു ഹൈക്കോടതി വിധി. കേരള ഹൈക്കോടതിക്ക് പുറമെ, ഡല്‍ഹി, രാജസ്ഥാന്‍ ഹൈക്കോടതികളും സമാന ഉത്തരവുകളിട്ടിരുന്നു. വിരമിക്കുന്നതിന് മുമ്പുള്ള 12 മാസത്തെ ശമ്പള ശരാശരി നോക്കി പെന്‍ഷന്‍ നിശ്ചയിക്കണമെന്നായിരുന്നു കേരള ഹൈക്കോടതിയുടെ വിധി.

ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ ഉദ്ദേശിച്ചിട്ടുള്ള റിട്ടയര്‍മെന്റ് സേവിങ്‌സ് ഓപ്ഷനാണ് ഇ.പി.എഫ്. 20 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജീവനക്കാര്‍ ഉള്ള ഏത് കമ്പനിക്കും ഇ.പി.എഫിനുള്ള ഓപ്ഷന്‍ ഉണ്ടാകും. അടിസ്ഥാന ശമ്പളത്തിന്റെയും ഡി.എയുടെയും 12 ശതമാനമാണ് തൊഴിലാളിയും തൊഴിലുടമയും ചേര്‍ന്ന് ഇ.പി.എഫിലേക്ക് അടയ്ക്കുന്നത്. തൊഴിലാളിയുടെ മുഴുവന്‍ തുകയും ഇ.പി.എഫിലേക്ക് പോകും. അതേസമയം, 8.33 ശതമാനം നിരക്കില്‍ തൊഴിലുടമയുടെ വിഹിതം പെന്‍ഷന്‍ സ്‌കീമിലേക്ക് പോകും. പെന്‍ഷനുള്ള പ്രായപരിധി ആകുമ്പോള്‍ മുതല്‍ ലഭിക്കും. 1995ല്‍ പെന്‍ഷന്‍ സ്‌കീം തുടങ്ങിയ വേളയില്‍ ഇ.പി.എഫ്.ഒ നിശ്ചയിച്ചിരുന്ന പരിധി 5000 രൂപയായിരുന്നു. 2001 ജൂണ്‍ ഒന്നു മുതല്‍ ഇത് 6500 രൂപയായി. ഇതാണ് 2014ല്‍ 15000 രൂപയാക്കി കേന്ദ്രം വര്‍ധിപ്പിച്ചത്. നിലവിലെ സുപ്രീംകോടതി വിധിയുടെ ആനുകൂല്യം നാലരക്കോടിയോളം വരുന്ന തൊഴിലാളികള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുപ്രീംകോടതി അനുകൂല വിധിയുണ്ടായിട്ടും രാജ്യത്തെ ലക്ഷക്കണക്കിന് ഇ.പി.എഫ് പെന്‍ഷന്‍കാര്‍ക്കിടയിലെ പ്രതിസന്ധികള്‍ തീര്‍പ്പായിട്ടില്ല. ഏകദേശം 17 മാസത്തോളമായി ഇവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നിനാണ് ശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന പെന്‍ഷന്‍ അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ വിധി വന്നത്. കേരള ഹൈക്കോടതി വിധിക്കെതിരേ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. കേരള ഹൈക്കോടതി വിധിക്കെതിരേ കേന്ദ്ര തൊഴില്‍ മന്ത്രാലയവും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. രണ്ടും ഒന്നിച്ച് തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന് കഴിഞ്ഞവര്‍ഷം ജൂലൈ 12ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിരവധി ഇ.പി.എഫ് പെന്‍ഷന്‍കാര്‍ വിവിധ ഹൈക്കോടതികളെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നു. എന്നാല്‍ പുനഃപരിശോധനാഹരജിയില്‍ തീരുമാനമാകുംവരെ ഉയര്‍ന്ന പെന്‍ഷന്‍ നല്‍കേണ്ടതില്ലെന്നാണ് ഇ.പി.എഫ്.ഒ ഉദ്യോഗസ്ഥരുടെ നിര്‍ദേശം. കഴിഞ്ഞ ഫെബ്രുവരി ആറിന് ഇതു സംബന്ധിച്ച റിട്ട് ഹരജികളും കോടതിയലക്ഷ്യവും സുപ്രീംകോടതിക്ക് മുന്നിലെത്തിയിരുന്നു. എന്നാല്‍ അതില്‍ വാദം കേള്‍ക്കുന്നതിനെ കേന്ദ്രം എതിര്‍ത്തു. ഇ.പി.എഫ്.ഒയുടെ പുനഃപരിശോധനാഹരജിയും കേന്ദ്രത്തിന്റെ അപ്പീലും നിലനില്‍ക്കുന്നതിനാല്‍ കോടതിയലക്ഷ്യം കേള്‍ക്കരുതെന്ന് കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

web desk 3: