X

പ്രവാസികള്‍ നാടിനെ സമ്പന്നമാക്കി; ചൂഷണം അവസാനിപ്പിക്കണം: ജസ്റ്റിസ് കമാല്‍പാഷ

അബുദാബി: പ്രവാസികള്‍ കേരളത്തിന്റെ ജീവിതനിലവാരം മാറ്റിമറിക്കുകയും നാടിനെ സമ്പന്നമാക്കുകയും ചെയ്തതായി കേരള ഹൈകോടതി റിട്ടേഡ് ജഡ്ജി കമാല്‍പാഷ വ്യക്തമാക്കി. പ്രമുഖ പ്രവാസി സംഘടനയായ ഒരുമ ഒരുമനയൂര്‍ 23-ാം വാര്‍ഷികാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികള്‍ എന്നും നാടിന്റെ സ്പന്ദനങ്ങളറിഞ്ഞു പ്രവര്‍ത്തിക്കുന്നവരും സാമ്പത്തിക രംഗത്ത് നാടിന് വലിയ മുതല്‍കൂട്ടാവുകയും ചെയ്തവരാണ്. അവരുടെ കഠിനാദ്ധ്വാനത്തിന് പകരം വെയ്ക്കാന്‍ മറ്റൊന്നും പര്യാപ്തമാവില്ല. എന്നാല്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ചെയ്യുന്ന ക്രൂരത വിസ്മരിക്കാനാവില്ല.

വിമാനനിരക്ക് കുത്തനെ കൂട്ടിയും മറ്റും പ്രവാസികള്‍ വല്ലാതെ ചൂഷണം ചെയ്യപ്പെടുന്നു. സര്‍ക്കാറിനുമാത്രമെ ഇക്കാര്യത്തില്‍ മാറ്റം വുരത്താന്‍ സാധ്യമാവുകയുള്ളു. രാജ്യത്തിന് വിദേശനാണ്യം വേണ്ടുവോളം നേടിത്തരുന്ന പ്രവാസികളുടെ കാര്യത്തില്‍ ഉദാസീനത വെടിഞ്ഞു അനുകൂല സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് മുസദ്ധിഖ് അധ്യക്ഷത വഹിച്ചു. ഫൗണ്ടര്‍ റസാഖ് ഒരുമനയൂര്‍ ആമുഖ ഭാഷണം നടത്തി. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ.കെവി മുഹമ്മദ്കുഞ്ഞി ഉല്‍ഘാടനം ചെയ്തു.
നിര്‍ദ്ദന കുടുംബത്തിന് വീടുവെയ്ക്കാന്‍ സൗജന്യമായി സ്ഥലം നല്‍കിയ ആര്‍എം കബീര്‍, വനിതാ വിഭാഗത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ശുക്കൂറലി കല്ലിങ്ങല്‍ ആശംസാ പ്രസംഗം നടത്തി. അബുദാബി കമ്മിറ്റി പ്രസിഡണ്ട് ഉസ്മാന്‍, ജനറല്‍ സെക്രട്ടറി താരിഖ്, ദുബൈ കമ്മിറ്റി പ്രസിഡണ്ട് സുധീര്‍ (ഹെഡ്) ജനറല്‍ സെക്രട്ടറി നസറുല്ല, മുന്‍പ്രസിഡണ്ട് പിപി അന്‍വര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ജനറല്‍ സെക്രട്ടറി പിസി ആസിഫ് സ്വാഗതവും ആര്‍വി കബീര്‍ നന്ദിയും പറഞ്ഞു.

കുട്ടികളുടെ വിവിധ മത്സരങ്ങളും കലാ പരിപാടികളും അരങ്ങേറി

webdesk13: