X

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പി ജയരാജന് ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ 35 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സിപിഎം സംസ്ഥാന സമിതിയംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് പുതിയ കാര്‍ വാങ്ങുന്നതിന് 35 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. ബുള്ളറ്റ് പ്രൂഫ് വാഹനമാണ് സര്‍ക്കാര്‍ ചെലവില്‍ വാങ്ങുന്നത്. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന നിലയിലാണ് പുതിയ കാറിന് അനുമതി. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയര്‍മാനായ ഖാദി ഡയറക്ടര്‍ ബോര്‍ഡിന്റേതാണ് തീരുമാനം.

നേരത്തെ മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പുതിയ വാഹനം വാങ്ങുന്നതിനായി 1.30 കോടി അനുവദിച്ചിരുന്നു. മന്ത്രിമാരായ ജി.ആര്‍.അനില്‍, വി.എന്‍. വാസവന്‍, വി. അബ്ദുറഹിമാന്‍ , ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ് എന്നിവര്‍ക്കാണ് പുത്തന്‍ ഇന്നോവ ക്രിസ്റ്റ വാങ്ങുന്നത്. ഈ മാസം 10ന് പുതിയ വാഹനം വാങ്ങാന്‍ ഭരണാനുമതി നല്‍കിയിരുന്നു. ടൂറിസം വകുപ്പാണ് തുക അനുവദിച്ചിരിക്കുന്നത്. മന്ത്രിമാര്‍ നിലവില്‍ ഉപയോഗിക്കുന്ന വാഹനം ടൂറിസം വകുപ്പിന് നല്‍കും. വാഹനങ്ങള്‍ പഴക്കം ചെന്നതിനാലാണ് പുതിയവ വാങ്ങാന്‍ അനുമതി നല്‍കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

മന്ത്രിമാര്‍ക്ക് വാഹനങ്ങള്‍ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. സ്‌റ്റേറ്റ് ഹോസ്പിറ്റാലിറ്റിയുടെ ഭാഗമായി വിനോദ സഞ്ചാര വകുപ്പിന്റെ നിലവിലുള്ള വാഹനങ്ങള്‍ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാര്‍ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ തുക അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധി മൂലം ധനകാര്യ വകുപ്പ് വാഹനങ്ങള്‍ വാങ്ങുന്നതിനെ എതിര്‍ത്തിരുന്നു.

നിലവിലുള്ള വാഹനങ്ങളുടെ ഉപയോഗം രേഖപ്പെടുത്തി ഫയല്‍ സമര്‍പ്പിക്കാന്‍ ധനവകുപ്പ് ടൂറിസം വകുപ്പിനോടാവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മന്ത്രിമാര്‍ സമര്‍പ്പിച്ച ആവശ്യം കൂടി പരിഗണിച്ച് 5 വാഹനങ്ങള്‍ വാങ്ങാനേ ധനവകുപ്പ് അനുമതി നല്‍കിയുള്ളൂ. ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെ 10 വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ വച്ച് തീരുമാനമെടുപ്പിക്കുകയായിരുന്നു.

web desk 3: