X
    Categories: indiaNews

മാധ്യമ മേഖലയില്‍ അഞ്ചു വര്‍ഷത്തിനിടെ 78 ശതമാനം തൊഴില്‍ നഷ്ടം

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്‍മാര്‍ക്കു മുന്നില്‍ വാര്‍ത്തകളും വിശകലനങ്ങളും വിനോദങ്ങളും കണ്ണിമ ചിമ്മാതെ എത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ സ്ഥിതി അതിദയനീയമെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കണോമി (സി.എം.ഐ.ഇ).

സര്‍വേ. മാധ്യമ, പ്രസാധന മേഖലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 78 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായാണ് സി.എം.ഐ.ഇയുടെ സര്‍വേ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
2016 സെപ്തംബറിലെ കണക്ക് അനുസരിച്ച് 10.3 ലക്ഷം പേരാണ് രാജ്യത്ത് മാധ്യമ പ്രസാധന വ്യവസായ രംഗത്ത് തൊഴിലെടുത്തിരുന്നത്. എന്നാല്‍ 2021 ഓഗസ്റ്റ് എത്തുമ്പോള്‍ ഇത് 2.3 ലക്ഷം പേരായി ചുരുങ്ങിക്കഴിഞ്ഞു. പ്രസാധന മേഖലയില്‍ 2016-17ല്‍ 8,33,115 പേര്‍ തൊഴിലെടുത്തിരുന്ന സ്ഥാനത്ത് 2020-21ല്‍ ഇത് 3,66,723 ആയാണ് ചുരുങ്ങിയത്.

2018 ആദ്യ മാസങ്ങള്‍ മുതല്‍ 2021ലെ കോവിഡ് രണ്ടാം തരംഗം വരെയുള്ള കാലയളവിലാണ് ഇത്രയും ഗണ്യമായ തോതില്‍ മാധ്യമ രംഗത്തെ തൊഴില്‍ നഷ്ടം സംഭവിച്ചത്. ഈ മേഖലയിലുള്ളവര്‍ തൊഴില്‍ ഉപേക്ഷിച്ചു പോവുകയോ അല്ലെങ്കില്‍ തൊഴില്‍ നഷ്ടമാവുകയോ ചെയ്തിട്ടുണ്ടെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.

ജൂലൈയില്‍ ഏഴു ശതമാനമുണ്ടായിരുന്ന തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായി ഉയര്‍ന്നതായും സി.എം.ഐ.ഇ കണക്കുകള്‍ വ്യക്തമാക്കുന്നു. കാര്‍ഷിക മേഖലയിലെ തൊഴിലവസരങ്ങള്‍ കുറഞ്ഞതാണ് തിരിച്ചടിയായത്. കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ കാരണം നിര്‍മാണ മേഖലയില്‍ ഒരു കോടി പേര്‍ക്ക് തൊഴില്‍ നഷ്ടം സംഭവിച്ചതായാണ് സര്‍വേ കണ്ടെത്തല്‍.

കോവിഡിന് മുമ്പ് 4 കോടി തൊഴില്‍ അവസരമുണ്ടായിരുന്നത് 2020 ഏപ്രിലില്‍ 2.1 കോടിയായി കുറയുകയും പിന്നീട് ജൂലൈയില്‍ 3 കോടിയായി ഉയരുകയും ചെയ്തു. എന്നാല്‍ കോവിഡ് രണ്ടാം തരംഗം വന്നതോടെ ഇത് ഓഗസ്റ്റില്‍ 2.8 കോടിയിലേക്ക് താഴ്ന്നു.

 

 

web desk 3: