X

ഉടമ അറിയാതെ പണം പിന്‍വലിച്ചു; എസ്.ബി.ഐ നഷ്ടപരിഹാരം നല്‍കണം

കൊച്ചി: ഉപഭോക്താവ് അറിയാതെ സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്നും മൂന്ന് തവണയായി പണം പിന്‍വലിച്ച് 1.60 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തില്‍ എസ്.ബി.ഐ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍.

എസ്ബിഐയുടെ മൂവാറ്റുപുഴ പേഴക്കാപ്പിള്ളി ബ്രാഞ്ചില്‍ അക്കൗണ്ടുള്ള മൂവാറ്റുപുഴ സ്വദേശി പി.എം സലീമിനാണ് ദുരനുഭവം ഉണ്ടായത്. 2018 ഡിസംബര്‍ 26, 27 തീയതികളില്‍ മൂന്ന് തവണകളായാണ് ഇയാളുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്തത്. സ്വന്തം ആവശ്യത്തിന് പണം പിന്‍വലിക്കാന്‍ മുളന്തുരുത്തിയിലെ എടിഎമ്മില്‍ കയറിയപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. ഉടന്‍തന്നെ ബാങ്കിനെ സമീപിച്ചെങ്കിലും ആവശ്യമായ സഹായം ലഭിച്ചില്ല. തുടര്‍ന്ന് ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിക്കുകയായിരുന്നു. 80,000 രൂപ നല്‍കാന്‍ ഓംബുഡ്സമാന്‍ വിധിച്ചു. തുടര്‍ന്ന് ബാലന്‍സ് ആയി ലഭിക്കാനുള്ള എഴുപതിനായിരം രൂപക്കാണ് ഇദ്ദേഹം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ സ്വീകരിക്കേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്തമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട കമ്മീഷന്‍ ഉപഭോക്താവിന് നല്‍കാനുള്ള 70000 രൂപയും കൂടാതെ 15,000 രൂപ നഷ്ടപരിഹാരവും 30 ദിവസത്തിനുള്ളില്‍ നല്‍കാന്‍ എസ്.ബി.ഐക്ക് ഉത്തരവ് നല്‍കി. കമ്മീഷന്‍ പ്രസിഡന്റ് ഡി.ബി ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്.

webdesk11: