X

മുഖ്യമന്ത്രി പറയുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ കൗണ്ടിംഗ് മെഷീന്‍ വാങ്ങേണ്ട അവസ്ഥ; വി.ഡി സതീശന്‍

രാഷ്ട്രീയ, വര്‍ഗീയ കൊലപാതങ്ങളും ഗുണ്ടാ ആക്രമണങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും സംസ്ഥാനത്ത് വര്‍ധിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. പതിനാലായിരത്തിലധികം ഗുണ്ടകള്‍ സംസ്ഥാനത്ത് അഴിഞ്ഞാടുന്നുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. ഏത് സമയത്തും ആരുടെയും ജീവന്‍ നഷ്ടപ്പെട്ടു പോകാമെന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സ്‌കോട്ട്ലന്റ് യാഡിനെ വെല്ലുന്ന പൊലീസാണ് കേരളത്തിലേതെന്ന് ഒരു കാലത്ത് നാം അഭിമാനിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയവത്ക്കരണവും ക്രിമിനല്‍വത്ക്കരണവുമാണ് പൊലീസിനെ തകര്‍ത്തത്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട എത്ര പൊലീസുകാരെ ക്രമസമാധനച്ചുമതലയ്ക്ക് നിയോഗിച്ചിട്ടുണ്ടെന്നതുള്‍പ്പെടെയുള്ള നിയമസഭാ ചോദ്യത്തിന് വിവരങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടിരിക്കുകയാണെന്ന പൊതുമറുപടിയാണ് ആഭ്യന്തര വകുപ്പ് നല്‍കിയത്. പൊലീസിലെ ക്രിമിനലുകളെ സംബന്ധിച്ച ഒരു വിവരവും സര്‍ക്കാരിന്റെ പക്കലില്ല. എന്ത് സംഭവം ചൂണ്ടിക്കാട്ടിയാലും മുഖ്യമന്ത്രിക്ക് അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണ്. ഒറ്റപ്പെട്ട സംഭവങ്ങളെല്ലാം എണ്ണിത്തീര്‍ക്കാന്‍ പൊലീസ് ആസ്ഥാനത്ത് കൗണ്ടിംഗ് മെഷീന്‍ വാങ്ങേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത് അദ്ദേഹം വാക്കൗട്ട് പ്രസംഗത്തില്‍ പറഞ്ഞു.

മാങ്ങാ മോഷണത്തിലും സ്വര്‍ണം മോഷ്ടിച്ചതിലും കടയില്‍ നിന്നും പണം എടുത്തതിലും പൊലീസ് പ്രതികളാകുകയാണ.് സ്ത്രീകളെ പീഡിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. ഇതൊക്കെ പൊലീസിന് അഭിമാനിക്കാന്‍ കഴിയുന്ന സംഭവങ്ങളാണോ? അമ്പലവയലില്‍ പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ തെളിവെടുപ്പിന് കൊണ്ടു പോകുന്നതിനിടെ പൊലീസുകാരന്‍ പീഡിപ്പിച്ചു. എന്നിട്ടും എത്ര മാസം കഴിഞ്ഞാണ് കേസെടുത്തത്? കോഴിക്കോട് കേസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സി.ഐയാണ് കൂട്ടബലാത്സംഗ കേസില്‍ പ്രതിയായിരിക്കുന്നത്. കൊല്ലത്ത് സൈനികനെയും സഹോദരനെയും ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത്? മര്‍ദ്ദനം കണ്ടതിന് ദൃക്സാക്ഷികളില്ലെന്ന റിപ്പോര്‍ട്ടാണ് മനുഷ്യാവകാശ കമ്മിഷണന്‍ നല്‍കിയത്. സമൂഹമാധ്യമങ്ങളില്‍ മര്‍ദ്ദന ദൃശ്യങ്ങള്‍ പ്രചരിക്കുമ്പോഴും തെളില്ലെന്ന റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷനെ സ്വാധീനിച്ചത് ആരാണ്? അ്‌ദ്ദേഹം ചോദിച്ചു.

മുപ്പതിലധികം കേസുകളില്‍ ഉള്‍പ്പെട്ട് സര്‍വീസില്‍ നിന്നും പുറത്താക്കാന്‍ കോടതി നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥനെ ഇപ്പോള്‍ സര്‍വീസില്‍ തിരിച്ചെടുത്തത് ആര് പറഞ്ഞിട്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇത്തരം ക്രിമിനലുകളെ ആരാണ് സംരക്ഷിക്കുന്നത്? പൊലീസിനെ നിയന്ത്രിക്കുന്നത് സി.പി.എം നേതാക്കളാണ്. എസ്.പിമാരെ സി.പി.എം ജില്ലാ സെക്രട്ടറിമാരും എസ്.എച്ച്.ഒമാരെ ഏരിയാ സെക്രട്ടറിമാരുമാണ് നിയന്ത്രിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജീവനക്കാരനായ വിമുക്തഭടനെ ചവിട്ടിക്കൂട്ടിയ ഡി.വൈ.എഫ്.ഐക്കാരനെതിരെ കമ്മീഷണര്‍ നടപടിയെടുത്തപ്പോള്‍ ജില്ലാ സെക്രട്ടറി രംഗപ്രവേശം ചെയ്തു. ഇതല്ല ഇടതു മുന്നണിയുടെ പൊലീസ് നയമെന്നാണ് ജില്ലാ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പൊലീസിനെ നിയന്ത്രിക്കാന്‍ ജില്ലാ സെക്രട്ടറിക്ക് ആരാണ് അധികാരം നല്‍കിയത്? എല്ലായിടത്തും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. പാര്‍ട്ടി നേതാക്കളെ സുഖിപ്പിച്ചാല്‍ എന്തും ചെയ്യാമെന്ന അവസ്ഥയാണ്. ഗുണ്ടാ സംഘങ്ങള്‍ക്ക് പാര്‍ട്ടി പ്രാദേശിക നേതൃത്വം സംരക്ഷണം ഒരുക്കുന്നതിനാല്‍ പൊലീസുകാര്‍ക്ക് അവരെ അറസ്റ്റ് ചെയ്യാനാകാത്ത സാഹചര്യമാണ് അദ്ദേഹം തുറന്നടിച്ചു.

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നില്‍ക്കൊണ്ടിട്ടു. കാപ്പ നിയമപ്രകാരം ജയിലിലായിരുന്ന ഈ ഗുണ്ടയെ ആരാണ് പുറത്തിറക്കിയത്? പാര്‍ട്ടിക്കാര്‍ക്ക് ഭരിക്കാന്‍ പൊലീസിനെ വിട്ടു നല്‍കുന്നത് അപകടത്തിലേക്ക് നയിക്കും. പി.എസ്.സി പരീക്ഷ എഴുതാന്‍ പോയ ആളെ വഴിയില്‍ തടഞ്ഞ് നിര്‍ത്തിയിട്ടും നടപടി സ്വീകരിച്ചോ? കരമനയില്‍ സര്‍ക്കാര്‍ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ കേസെടുത്തോ? മ്യൂസിയത്ത് സ്ത്രീയെ ആക്രമിച്ചത് സര്‍ക്കാര്‍ വാഹനത്തില്‍ എത്തിയ ക്രിമിനലാണ്. ആക്രമണത്തിന് ഇരയായ സ്ത്രീ തന്നെ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസിന് നല്‍കേണ്ടി വന്നു. തലശേരിയില്‍ കാറില്‍ ചാരി നിന്ന കുഞ്ഞിനെ ചവിട്ടി വീഴ്ത്തിയ ആളെ ആര് സ്വാധീനിച്ചിട്ടാണ് പൊലീസ് ആദ്യം വെറുതെ വിട്ടത്. അജ്ഞാത നമ്പരില്‍ നിന്നും അശ്ലീല വീഡിയോ വന്നെന്ന പരാതി നല്‍കിയ സ്ത്രീയെ ദേഹ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പറഞ്ഞ പൊലീസാണ് കേരളത്തിലുള്ളത്. ക്രിമിനലുകളായ പൊലീസുകാരെ നിലയ്ക്ക് നിര്‍ത്തണം. ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പൊലീസുകാര്‍ സര്‍വീസിലുണ്ടാകാന്‍ പാടില്ല. പൊലീസിനെ കുറിച്ചുള്ള വിശ്വാസം നഷ്ടപ്പെട്ടാല്‍ സമൂഹത്തില്‍ അക്രമങ്ങള്‍ കൂടും. ഗുണ്ടകളെ നിയന്ത്രിക്കാന്‍ പോലും പറ്റാത്ത രീതിയില്‍ പൊലീസിനെ എന്തിനാണ് ഇങ്ങനെ നിര്‍വീര്യമാക്കുന്നത്? പൊലീസിനെ ക്രിമിനല്‍വത്ക്കരിക്കുകയും രാഷ്ട്രീയവത്ക്കരിക്കുകയും ചെയ്യുന്നെന്ന ആരോപണത്തില്‍ നിഷേധാത്മക നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഇതേ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് അദ്ദേഹം പറഞ്ഞു.

web desk 3: