X

ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി പുതിയ ആര്‍.സി. വിതരണം; പണം അടയ്‌ക്കേണ്ടത് രണ്ടുതവണ

വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ (ആര്‍.സി.) പുത്തന്‍രൂപത്തില്‍ വിതരണം ആരംഭിച്ചപ്പോള്‍ വാഹന ഉടമകള്‍ക്ക് സാമ്പത്തികനഷ്ടം. നടപടിക്രമങ്ങളിലെ പോരായ്മകള്‍ കാരണം ഒരു വാഹനത്തിന് ഒന്നിലേറെ തവണ പുതിയ ആര്‍.സി. തയ്യാറാക്കേണ്ടിവരുന്നു. 200 രൂപ ഓരോപ്രാവശ്യവും ഫീസ് അടയ്‌ക്കേണ്ടിവരും.

ബുധനാഴ്ച മുതല്‍ കൊച്ചി തേവരയിലെ കേന്ദ്രീകൃത യൂണിറ്റില്‍നിന്നാണ് സംസ്ഥാനത്തെ മുഴുവന്‍ വാഹനരേഖകളും തയ്യാറാക്കുന്നത്.
ഡ്രൈവിംഗ്‌ ലൈസന്‍സിന്റെ മാതൃകയില്‍ പഴ്‌സില്‍ ഒതുങ്ങുന്നതാണ് പുതിയ ആര്‍.സി.യെങ്കിലും ഒരുമിച്ച് പരിഗണിക്കേണ്ട അപേക്ഷകള്‍ വെവ്വേറെ സമര്‍പ്പിക്കേണ്ടിവരുന്നതാണ് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നത്.

ഉടമസ്ഥാവകാശ കൈമാറ്റവും സ്വകാര്യപൊതു വാഹനതരംമാറ്റവും രണ്ട് അപേക്ഷകളായി മാത്രമേ സോഫ്‌റ്റ്വേര്‍ പരിഗണിക്കുകയുള്ളൂ. ഉടമയുടെ പേരുമാറ്റി പുതിയ ആര്‍.സി. തയ്യാറാക്കിയശേഷം വീണ്ടും അപേക്ഷ നല്‍കേണ്ടിവരും. തരംമാറ്റം നടത്തിയശേഷം വീണ്ടും പുതിയ ആര്‍.സി. തയ്യാറാക്കണം. ഇതിന് വീണ്ടും ഫീസ് നല്‍കണം.

രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനൊപ്പം തരംമാറ്റം, നിറംമാറ്റം, തുടങ്ങിയ സേവനങ്ങള്‍ക്കെല്ലാം ഇതേരീതിയില്‍ പ്രത്യേകം അപേക്ഷ നല്‍കേണ്ടതുണ്ട്. ഓട്ടോറിക്ഷ, ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ എന്നിവയുടെ ഓണ്‍ലൈന്‍ രേഖകളില്‍ താത്കാലിക മേല്‍വിലാസത്തിന് പകരം ഫെയര്‍മീറ്റര്‍, സ്പീഡ് ഗവേണര്‍നമ്പര്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതും അപേക്ഷകരെ കുഴക്കുന്നുണ്ട്.

സ്ഥലപരിമിതിയുള്ളതിനാലാണ് ഉദ്യോഗസ്ഥര്‍ ഈ വിവരങ്ങള്‍ താത്കാലിക മേല്‍വിലാസത്തിന് പകരം രേഖപ്പെടുത്തിയത്. താത്കാലിക മേല്‍വിലാസമുണ്ടെങ്കില്‍ അതായിരിക്കും പുതിയ ആര്‍.സി.യില്‍ അച്ചടിച്ചുവരുക. തപാല്‍ അയക്കാന്‍ കഴിയാത്തതിനാല്‍ ഇവ വാങ്ങാന്‍ ഉടമ തേവരയില്‍ എത്തേണ്ടിവരും.

ഡ്രൈവിംഗ്‌ ലൈസന്‍സ് അപേക്ഷകളില്‍ തപാല്‍ കൃത്യമായി ലഭിക്കുന്നതിന് മേല്‍വിലാസത്തില്‍ പിന്‍കോഡ് ഉള്‍പ്പെടെയുള്ള ചെറിയ തിരുത്തലുകള്‍ക്ക് മറ്റ് അപേക്ഷകള്‍ക്കൊപ്പം അവസരം നല്‍കാറുണ്ട്. എന്നാല്‍ ആര്‍.സി. അപേക്ഷകളില്‍ അത്തരമൊരു സൗകര്യം ഒരുക്കിയിട്ടില്ല.

webdesk14: