X

യുറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിച്ചവരുടെ എണ്ണം ആറ് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

ബ്രസല്‍സ്: വികസ്വര, അവികസിത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മികച്ച ജീവിതം സ്വപ്‌നം കണ്ട് കുടിയേറുന്നതിലേറെയും യൂറോപ്പിലേക്ക്. 2022ല്‍ യൂറോപ്പിലേക്ക് കുടിയേറ്റം നടത്താന്‍ ശ്രമിച്ചവരുടെ എണ്ണം ആറ് വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് നിരക്കിലെന്ന് റിപ്പോര്‍ട്ട്. ഏകദേശം 3,30,000 പേരാണ് കൃത്യമായ രേഖകളില്ലാതെ കവിഞ്ഞ വര്‍ഷം യൂറോപ്പിലെത്താന്‍ ശ്രമിച്ചത്.

2016ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് യൂറോപ്യന്‍ യൂണിയന്റെ അതിര്‍ത്തി തീര സംരക്ഷണ ഏജന്‍സി വ്യക്തമാക്കുന്നു. കുടിയേറ്റ ശ്രമങ്ങളില്‍ പകുതിയും പടിഞ്ഞാറന്‍ ബാള്‍ക്കന്‍ മേഖല ലക്ഷ്യമിട്ടായിരുന്നെന്നാണ് കണക്കുകള്‍. സിറിയ, അഫ്ഗാന്‍, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇത്തരത്തില്‍ യൂറോപ്പിലെത്താന്‍ ശ്രമിച്ചവരില്‍ 47 ശതമാനവും. ഇതില്‍ 80 ശതമാനം പേരും പുരുഷന്മാരാണെന്നും ഏജന്‍സി വ്യക്തമാക്കുന്നു.അഭയം തേടി യൂറോപ്യന്‍ അതിര്‍ത്തികളില്‍ എത്തുന്നവരെ രാജ്യങ്ങള്‍ പരിഗണിക്കാറുണ്ടെന്ന് ഏജന്‍സി വ്യക്തമാക്കുന്നു. എന്നാല്‍ വിസയില്ലാതെ, ജോലിയും മെച്ചപ്പെട്ട ജീവിത സാഹചര്യം ലക്ഷ്യമിട്ട് അനധികൃതമായി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്തി തിരിച്ചയക്കാറുണ്ടെന്നും ഏജന്‍സി വിശദീകരിക്കുന്നു.

2015ല്‍ 10 ലക്ഷത്തിലധികം പേര്‍ യൂറോപ്യന്‍ യൂണിയനിലെ വിവിധ രാജ്യങ്ങളില്‍ അഭയം തേടി എത്തിയിരുന്നു. അവരില്‍ ഭൂരിഭാഗവും സംഘര്‍ഷത്തെ തുടര്‍ന്ന് പലായനം ചെയ്ത സിറിയന്‍ പൗരന്മാരായിരുന്നുവെന്നതാണ് ശ്രദ്ധേയം. ഏജന്‍സി പുറത്തുവിട്ട കണക്കുകളില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ച 2022 ഫെബ്രുവരി മുതല്‍ യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളിലെത്തിയ യുക്രെയ്ന്‍ അഭയാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയിട്ടില്ല.

130 ലക്ഷത്തിനടുത്ത് യുക്രെയ്ന്‍ പൗരന്മാരാണ് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ കാലയളവില്‍ അഭയം തേടി എത്തിയത്. ഇവരുടെ പ്രവേശനം സുഗമമാക്കുന്നതിനും താമസവും പരിശീലനവും ഹ്രസ്വകാല ജോലികളും ഉറപ്പാക്കുന്നതിനും വിവിധ രാജ്യങ്ങള്‍ മുന്‍കൈ എടുത്തിരുന്നുവെന്നാണ് വിശദീകരണം.

മെഡിറ്ററേനിയന്‍ കടലില്‍ ആവശ്യത്തിന് സുരക്ഷാ സജ്ജീകരണങ്ങളില്ലാത്തതിനാല്‍ പലപ്പോഴും അപകടകരമായി യാത്ര ചെയ്ത് യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 2022ല്‍ ഒരുലക്ഷത്തിലധികം പേര്‍ ഇത്തരത്തില്‍ കുടിയേറ്റ ശ്രമം നടത്തിയതായി ഏജന്‍സി രേഖപ്പെടുത്തുന്നു. 2021നെ അപേക്ഷിച്ച് 50 ശതമാനം കൂടുതലാണിത്. ഈജിപ്ത്, ടുണീഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സുരക്ഷിതമല്ലാതെ മെഡിറ്റനേറിയന്‍ കടല്‍ കടക്കാന്‍ ശ്രമിക്കുന്നവരിലേറെയും. അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍ യൂറോപ്പിലെത്താന്‍ ശ്രമിച്ചത് ലിബിയയില്‍ നിന്നാണെന്നും കണക്കുകളില്‍ വ്യക്തമാകുന്നു. ടുണീഷ്യ വിടുന്നവരുടെ എണ്ണം 2022ല്‍ സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നനിലയിലാണെന്നും യൂറോപ്യന്‍ ഏജന്‍സി രേഖപ്പെടുത്തുന്നു.

webdesk11: