X
    Categories: indiaNews

പാവങ്ങളെ വെറുതേ ഇറക്കിവിടാനാവില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: പാവപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ചേരി നിവാസികളെ ഒഴിപ്പിക്കുമ്പോള്‍ മനുഷ്യത്വ പരമായ സമീപനം സ്വീകരിക്കണമെന്ന് സുപ്രീം കോടതി. ഒഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് സര്‍ക്കാരിന് പറയാന്‍ കഴിയില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ഡല്‍ഹി സരോജിനി നഗറിലെ ചേരികളില്‍ നിന്ന് ഒഴിപ്പിക്കുന്നവരെ പുനഃരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായകമായ നിരീക്ഷണം. ഡല്‍ഹി സരോജിനി നഗറിലെ 200 ഓളം ചേരി നിവാസികളെ ഒഴിപ്പിക്കുന്നതും സുപ്രീം കോടതി താത്കാലികാലമായി തടഞ്ഞു. പാവപ്പെട്ടവരെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും നിസാരമായി ഇറക്കിവിടാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് കെ.എം. ജോസഫിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിരീക്ഷിച്ചു.

കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നതെന്ന കാര്യം കണക്കിലെടുക്കണമെന്നും കോടതി നിരീക്ഷിച്ചു. ചേരികളില്‍ നിന്ന് ഒഴിപ്പിക്കപ്പെടുന്നവര്‍ക്ക് പുനരധിവാസം അവകാശപ്പെടാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാരിന് പുനരധിവാസത്തിന് നയമില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

തുടര്‍ന്നാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് വിശദമായ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടത്. വര്‍ഷങ്ങളായി ചേരിയില്‍ താമസിക്കുന്ന തങ്ങള്‍ക്ക് ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകളുണ്ടെന്ന് ചേരി നിവാസികള്‍ സുപ്രീം കോടതിയെ അറിയിച്ചു. ചേരി നിവാസികളുടെ ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. അതുവരെയാണ് ഒഴിപ്പിക്കല്‍ നടപടി സുപ്രീം കോടതി തടഞ്ഞത്.

Chandrika Web: