കൊച്ചി : കാലിക്കറ്റ് സർവ്വകലാശാലയിൽ തനിക്കെതിരെ പോസ്റ്റർ സ്ഥാപിച്ചത് പൊലീസ് ആണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം. അപകീർത്തികരമായ പോസ്റ്റർ സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ്. ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ചയുടെ തുടക്കമാണിത്. മുഖ്യമന്ത്രിയുടേത് ബോധപൂർവമായ നീക്കമാണെന്നും രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
കാലിക്കറ്റ് സർവ്വകലാശാലയിൽ തനിക്കെതിരായി എസ്എഫ്ഐ സ്ഥാപിച്ചിട്ടുള്ള ബാനറുകൾ നീക്കം ചെയ്യണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. സർവ്വകലാശാലയിൽ എത്തിയപ്പോൾ വാഹനത്തിൽ നിന്നിറങ്ങിയ ഗവർണർ ഫോണിൽ വിളിച്ചാണ് ബാനറുകള്‍ നീക്കാന്‍ നിർദ്ദേശം നൽകിയത്. എന്നാൽ, ക്യാമ്പസിൽ ഗവർണർക്കെതിരെ കെട്ടിയ ബാനറുകൾ നീക്കം ചെയ്യില്ലെന്നായിരുന്നു പൊലീസ് നിലപാട്. നീക്കം ചെയ്യേണ്ടത് സർവ്വകലാശാല അധികൃതരെന്നാണ് പൊലീസ് നിലപാടെടുത്തത്. നീക്കം ചെയ്യാൻ ക്യാമ്പസ് സെക്യൂരിറ്റി ഓഫീസർക്കും നിർദ്ദേശം കിട്ടിയിരുന്നില്ല.