X

മോഹന്‍ ഭഗവതിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: ഓര്‍ഗനൈസറിനും പാഞ്ചജന്യക്കുംനല്‍കിയ അഭിമുഖത്തില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് നടത്തിയ മുസ്്ലിം വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം വ്യാപകം. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യാവകാശത്തെ നിഷേധിക്കുന്നതും മുസ്്ലിംകള്‍ക്കെതിരായ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഭഗവതിന്റെ പരാമര്‍ശമെന്നാണ് വിമര്‍ശനം.

മുസ്്ലിംകള്‍ക്ക് ഈ രാജ്യത്ത് ഭയംകൂടാതെ കഴിയാം, എന്നാല്‍ അവര്‍ മേല്‍ക്കോയ്മാ മനോഭാവം ഉപേക്ഷിക്കണം എന്നാണ് വിവാദ അഭിമുഖത്തില്‍ മോഹന്‍ ഭഗവത് പറയുന്നത്. ഹിന്ദുക്കള്‍ ആയിരം വര്‍ഷമായി യുദ്ധത്തിലാണെന്നും ഹിന്ദുസ്ഥാന്‍ ഹിന്ദുസ്ഥാന്‍ ആയിതന്നെ തുടരണമെന്നും ഹിന്ദു ആണ് ഇന്ത്യയുടെ സ്വത്വമെന്നും അഭിമുഖത്തില്‍ ഭഗവത് അവകാശപ്പെടുന്നു.

എന്നാല്‍ ഭഗവതിന്റെ നീക്കം മുസ്്ലിംകള്‍ക്കെതിരായ വെറുപ്പ് പ്രചരിപ്പിക്കുന്നതാണെന്ന വിമര്‍ശനവുമായി വിവിധ കക്ഷി നേതാക്കള്‍ രംഗത്തെത്തി. ഹിന്ദുസ്ഥാന്‍ ഹിന്ദുസ്ഥാന്‍ ആയിരിക്കണമെന്ന് പറയുന്നതുപോലെ ഇന്‍സാന്‍ (മനുഷ്യന്‍) ഇന്‍സാനായി തന്നെ ഇരിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ തിരിച്ചടിച്ചു. കീഴാളരായി മാത്രം ഇന്ത്യയില്‍ മുസ്്ലിംകള്‍ക്ക് ജീവിക്കാമെന്ന് പറയാന്‍ മോഹന്‍ ഭഗവത് ആരാണെന്നായിരുന്നു അസദുദ്ദീന്‍ ഉവൈസിയുടെ പ്രതികരണം. ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയെ ഇല്ലാതാക്കാനാണ് മോഹന്‍ ഭഗവത് ശ്രമിക്കുന്നതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

webdesk11: