X
    Categories: keralaNews

കൂളിമാട് പാലം: വിജിലന്‍സ് റിപ്പോര്‍ട്ട് വൈകുന്നതില്‍ ദുരൂഹത; മന്ത്രിയും ഊരാളുങ്കലും രണ്ടുതട്ടില്‍

കോഴിക്കോട്: കൂളിമാട് പാലം നിര്‍മാണ തകര്‍ച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പും നിര്‍മാണചുമതലയുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയും രണ്ടുതട്ടില്‍. തകര്‍ന്ന് വീണ പാലത്തിന്റെ നിര്‍മാണം പുനരാരംഭിക്കാനുള്ള ഊരാളുങ്കല്‍ തീരുമാനത്തിനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് രംഗത്തെത്തി. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നിര്‍മാണം തുടങ്ങിയാല്‍ മതിയെന്നാണ് മന്ത്രിയുടെ നിലപാട്. തകര്‍ന്ന ബീമുകള്‍ മാറ്റിയിടുന്ന നടപടിയും ഉടന്‍ വേണ്ടെന്ന് മന്ത്രി ഊരാളുങ്കലിനെ അറിയിച്ചു.

അതേസമയം, പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന അന്വേഷണം പത്തുദിവസംകഴിഞ്ഞിട്ടും പുറത്ത്‌വിടാത്തതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവും ശക്തമാണ്. കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യമുള്‍പ്പെടെ അന്വേഷണ വിധേയമെന്ന് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പാലത്തിന്റെ പ്രധാന മൂന്ന് ബീമുകള്‍ തകര്‍ന്ന് വീണ് ഒരാഴ്ച കഴിഞ്ഞിട്ടും അപകടകാരണത്തെക്കുറിച്ച് വ്യക്തമായ നിഗമനത്തിലെത്താന്‍ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് സംഘത്തിന് കഴിഞ്ഞിട്ടില്ല. നിലവില്‍ ഹൈഡ്രോളിക് ജാക്കിക്ക് സംഭവിച്ച പിഴവെന്ന വിശദീകരണം മാത്രമേ അന്വേഷണ സംഘത്തിന് മുന്നിലൂളളൂ. ബീമുകള്‍ ഉറപ്പിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉണ്ടായിരുന്നില്ലെന്ന ഗുരുതര വീഴ്ചയിലും വിജിലന്‍സ് സംഘം അന്തിമ നിഗമനത്തിലെത്തിയിട്ടില്ല. ഒരുതവണ കൂടി സ്ഥലപരിശോധനയുള്‍പ്പെടെ നടത്തിയശേഷമേ അന്തിമറിപ്പോര്‍ട്ടിലെത്താനാകൂ എന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍.

തൊഴിലാളികളില്‍ നിന്ന് വിവരശേഖരണം നടത്തിയ വിജിലന്‍സ് സംഘം പാലത്തിന്റെ ശേഷിക്കുന്ന ഭാഗത്തെ ബലക്ഷമതയും പരിശോധിച്ചു. അപകടത്തില്‍ ഉദ്യോഗസ്ഥ പിഴവില്ലെന്നും ഹൈഡ്രോളിക് ജാക്കിക്ക് സംഭവിച്ച തകരാറെന്നുമുളള റോഡ്ഫണ്ട് ബോര്‍ഡിന്റെ പ്രാഥമിക റിപ്പോര്‍ട്ടും വിജിലന്‍സ് സംഘത്തിന്റെ മുന്നിലുണ്ട്.

Chandrika Web: