X

കേരളത്തിന്റെ മതേതര മുഖം മനോഹരമാക്കിയത് മുസ്ലിംലീഗ്-പി.കെ കുഞ്ഞാലിക്കുട്ടി

വര്‍ഗീയത ആരോപിച്ച് നിരന്തരമായി മുസ്ലിംലീഗിനെ കടന്നാക്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗിന്റെ സാന്നിധ്യമാണ് കേരളത്തിന്റെ മതേതര മുഖം മനോഹരമാക്കിയത്. കേരളത്തിന്റെ വിദ്യാഭ്യാസ- സാങ്കേതിക മേഖലകളിലെ മുന്നേറ്റം എന്നിവ മുസ്ലിംലീഗിന് കൂടി അവകാശപ്പെട്ട നേട്ടങ്ങളാണ്. മതേതര നിലപാടില്‍നിന്ന് മുസ്ലിംലീഗ് ഒരുകാലത്തും പിന്നോട്ട് പോയിട്ടില്ല. അതിനുവേണ്ടി കാമ്പയിന്‍ ചെയ്യുന്ന പാര്‍ട്ടിയാണ് മുസ്ലിംലീഗ്. മതേതര സംസ്‌കാരം വികസിപ്പിക്കുന്ന കാര്യത്തില്‍ മുസ്ലിംലീഗിന്റെ പങ്കിനെ ആരും വിലകുറച്ച് കാണരുത്. മതത്തിന്റെ പേരിലുള്ള വര്‍ഗീയ രാഷ്ട്രീയം മുസ്ലിംലീഗ് ഒരിക്കലും പ്രോത്സാഹിപ്പിച്ചില്ല. -അദ്ദേഹം വിശദീകരിച്ചു.

ആലപ്പുഴ മോഡലില്‍ ചേരിതിരിഞ്ഞുള്ള വര്‍ഗീയതയാണോ കേരളത്തിന് വേണ്ടത്, അതല്ല മതേതര കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണോ വേണ്ടത് എന്ന ചോദ്യം കേരളത്തിന് മുന്നിലുണ്ട്. ആ ചോദ്യം ഉയര്‍ന്നപ്പോഴെല്ലാം മതേതര കാഴ്ചപ്പാടോട് കൂടി അതിന് ഉത്തരം നല്‍കിയ പാര്‍ട്ടിയാണ് മുസ്ലിംലീഗ്. മതേതരത്വം എന്നാല്‍ മതനിരാസമല്ല. മത വിശ്വാസവും വര്‍ഗീയതയും രണ്ടാണ്. മതേതര സംസ്‌കാരം കേരളത്തില്‍ വളര്‍ത്തിക്കൊണ്ടു വരാന്‍ ഉത്തരവാദിത്തം കാണിച്ച മുസ്ലിംലീഗിനെ ഒറ്റപ്പെടുത്തുന്നത് കേരളത്തിന് ഗുണം ചെയ്യില്ല. മുസ്ലിംലീഗിന്റെ സ്പേസ് കയ്യടക്കുന്നത് വര്‍ഗീയവാദികളാകും. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനുള്ള ഉത്തരം കേരളത്തിന്റെ അന്തരീക്ഷത്തില്‍ തന്നെയുണ്ട്. കേരളത്തിലെ ജനത്തിന് അതറിയാം. അതുകൊണ്ടാണ് ഇടക്കിടെ മറുപടി പറയാത്തത്.- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

 

 

 

 

 

 

 

web desk 3: