X

വൈദികരുടെ പീഡനം: പ്രതികള്‍ രാജ്യം വിടുമെന്ന് സൂചന; പാസ്‌പോര്‍ട്ട് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു

പത്തനംതിട്ട: കുമ്പസാരരഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കേസിലെ ഒന്നാം പ്രതി ഫാ. സോണി വര്‍ഗീസിന്റെ പാസ്‌പോര്‍ട്ട് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. പ്രതികള്‍ രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണിത്.

അതേസമയം കേസിലെ വൈദികരായ മറ്റ് രണ്ട് പ്രതികളെ അറസ്റ്റു ചെയ്യാനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് ഊര്‍ജിതമാക്കി. പ്രതികള്‍ തിങ്കളാഴ്ച സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിനുമുന്‍പായി അറസ്റ്റ് ചെയ്യാനാണ് നീക്കം. അതിനിടെ പ്രതികള്‍ കൊല്ലത്തെ ബന്ധു വീടുകളില്‍ എത്തിയതായി പൊലീസിന് സൂചന ലഭിച്ചു. ഇതേതുടര്‍ന്ന് കൊല്ലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്തുവരികയാണ്. കേസില്‍ ഫാദര്‍ സോണിയെ കൂടാതെ ഫാ.ജെയ്‌സ് കെ. ജോര്‍ജിനെയാണ് ഇനി അറസ്റ്റു ചെയ്യാനുള്ളത്.

മൂന്നാം പ്രതി ഓര്‍ത്തഡോക്‌സ് സഭയിലെ തുമ്ബമണ്‍ ഭദ്രാസന വൈദികന്‍ കോഴഞ്ചേരി തെക്കേമല മണ്ണില്‍ വീട്ടില്‍ ഫാ. ജോണ്‍സണ്‍ മാത്യുവിനെ ഇന്നലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ക്രൈംബ്രാഞ്ച് സി.ഐ അലക്‌സാണ്ടര്‍ ജേക്കബിന്റെ നേതൃത്വത്തിലുളള സംഘം വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സെക്ഷന്‍ 506 പ്രകാരം ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയാണ് അറസ്റ്റ്.

തിരുവല്ല ക്രൈംബ്രാഞ്ച് ഓഫീസില്‍ എസ്.പി സാബു പി. ജോര്‍ജിന്റെ നേതൃത്വത്തില്‍ രണ്ട് മണിക്കൂറോളം നടന്ന ചോദ്യം ചെയ്യലില്‍ ഫാ. ജോണ്‍സണ്‍ കുറ്റം സമ്മതിച്ചു. ഇയാളെ പത്തനംതിട്ട ജയിലില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.വീട്ടമ്മയെ മാനഭംഗപ്പെടുത്തിയെന്ന കുറ്റത്തില്‍ നിന്ന് ഫാ. ജോണ്‍സണിനെ ഒഴിവാക്കിയിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചുവെന്നതാണ് ഇയാള്‍ക്കെരിയുള്ള കുറ്റം.ഫാ. ജോണ്‍സണ്‍ മാത്യുവുമായി വാട്ട്‌സാപ്പ് ബന്ധം സ്ഥാപിക്കുകയും കാറില്‍ സഞ്ചരിക്കുബോള്‍ രഹസ്യഭാഗങ്ങളില്‍ പരസ്പരം സ്പര്‍ശിക്കുകയും ചെയ്തിരുന്നതായി യുവതി സത്യപ്രസ്താവനയില്‍ പറഞ്ഞിരുന്നു. യുവതിയുടെ സീനിയറായി കോളേജില്‍ പഠിച്ചയാളാണ് ഫാ.ജോണ്‍സണ്‍.

chandrika: