X

‘വോട്ടു യന്ത്രം എന്റെ അച്ഛന്റേതാണ്’; ബൂത്ത് കയ്യേറിയ ബി.ജെ.പി സ്ഥാനാർഥിയുടെ മകൻ അറസ്റ്റിൽ

ഗുജറാത്തിൽ പോളിങ് ബൂത്ത് ​കൈയേറുകയും കള്ളവോട്ട് ചെയ്യുകയും ചെയ്ത ബി.ജെ.പി സ്ഥാനാർഥിയുടെ മകൻ അറസ്റ്റിൽ. ദാഹോദ് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ ജസ്വന്ത്‌സിങ് ഭാഭോറിന്റെ മകനും പാർട്ടി നേതാവുമായ വിജയ് ഭാഭോറാണ് അറസ്റ്റിലായത്.

വോട്ടെടുപ്പ് ദിനത്തിൽ ബൂത്ത് കയ്യേറി വിജയ് ഭാഭോറും അനുയായികളും കള്ളവോട്ട് ചെയ്തിരുന്നു. അഴിഞ്ഞാട്ടത്തിന്‍റെ ദൃശ്യങ്ങൾ വിജയ് ഭാഭോർ തന്നെ ഇൻസ്റ്റഗ്രാമിൽ ലൈവ് നൽകുകയുമുണ്ടായി. സംഭവത്തിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഭാബേന്‍ കിശോര്‍സിങ് തവിയാദ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്.

ബൂത്ത് കൈയ്യേറി വിജയ് ഭാഭോര്‍ ഇന്‍സ്റ്റഗ്രമിലിട്ട ലൈവ് വിവാദമായതോടെ പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ, ആൾട്ട് ന്യൂസ് സ്ഥാപകനും മാധ്യമപ്രവർത്തകനുമായ മുഹമ്മദ് സുബൈർ ഉൾപ്പെടെ ഈ വിഡിയോ എക്സിൽ വീണ്ടും പോസ്റ്റ് ചെയ്തു. വോട്ടിങ് മെഷീൻ തന്റെ അച്ഛന്റേതാണെന്ന് വിജയ് അവകാശപ്പെടുന്നത് വിഡിയോയിൽ കാണാം.

മഹിസാഗര്‍ ജില്ലയിലെ ദാഹോദ് ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന സന്ത്രംപുര്‍ നിയമസഭാ മണ്ഡലത്തിലെ 220ാം ബൂത്തിലാണ് സംഭവം. ഈ ബൂത്തില്‍ റീ പോളിങ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന വിദ്യാഭ്യാസമന്ത്രി കുബേര്‍ സിങ് ഡിന്‍ഡോറാണ് ഈ നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

മൂന്നാം ഘട്ടത്തിലാണ് ദാഹോദിൽ വോട്ടെടുപ്പ് നടന്നത്. 58.66 ശതമാനമാണ് പോളിങ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ മുഴുവൻ സീറ്റുകളും ബി.ജെ.പി നേടിയിരുന്നു.

webdesk13: