X

അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണം; ഡിസംബറോടെ കേരളത്തിന്‍റെ കട പൂട്ടുന്ന അവസ്ഥ: കെ സുധാകരൻ

കേരളത്തിന്‍റെ അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ വ്യക്തമായ ചിത്രം ജനങ്ങള്‍ അടിയന്തരമായി അറിയേണ്ടതുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സാമ്പത്തിക പ്രതിസന്ധിയിൽ പിണറായി വിജയനും നിര്‍മല സീതാരാമനും പരസ്പരം പഴിചാരുന്ന പശ്ചാത്തലത്തില്‍ നിജസ്ഥിതി കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണം.

ജനങ്ങള്‍ക്ക് നല്കുന്ന ആനുകൂല്യങ്ങള്‍ ഒരു സര്‍ക്കാരിന്‍റേയും സൗജന്യമല്ല. അതീവ ഗുരുതരമായ സാമ്പത്തിക സാഹചര്യത്തിലേക്ക് കേരളം കൂപ്പുകുത്തിയെന്ന പ്രചാരണത്തിലെ നെല്ലും പതിരും തിരിച്ചറിയാന്‍ ധവളപത്രം അനിവാര്യമാണെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ജനങ്ങളുടെ ആനുകൂല്യങ്ങളാണ് നിഷേധിക്കുന്നത്. 50 ലക്ഷം ക്ഷേമപെന്‍ഷന്‍കാരില്‍ 8.46 ലക്ഷം പേര്‍ക്കു മാത്രമാണ് കേന്ദ്രം പണം നല്കുന്നതെന്നു പറയുന്ന മുഖ്യമന്ത്രിക്ക് ബാക്കിയുള്ളവരുടെ നാലു മാസത്തെ കുടിശിക വരുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും.

ക്ഷേമ പെന്‍ഷന്‍ നല്കാന്‍ മാത്രമായി പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് 2 രൂപ സെസ് ഏര്‍പ്പെടുത്തി പിരിച്ച ശതകോടികള്‍ എവിടെപ്പോയി? ഈ തുക 27 കോടിയുടെ കേരളീയം പരിപാടിക്കും കോടികളുടെ നവകേരള സദസിനുമൊക്കെ വകമാറ്റിയിട്ടുണ്ടോ എന്ന് ധവളപത്രത്തിലൂടെ അറിയാന്‍ കഴിയും.

നവകേരളം പരിപാടിക്ക് പണം മുടക്കുന്ന സ്വര്‍ണക്കച്ചവടക്കാര്‍, ബാറുടമകള്‍, ക്വാറി ഉടമകള്‍ തുടങ്ങിയവരില്‍നിന്ന് വലിയ തോതില്‍ നികുതി പിരിച്ചെടുക്കാനുണ്ടെന്നു സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ 2011-16 കാലയളവില്‍ മൊത്തം ആഭ്യന്തര വരുമാനവും സഞ്ചിത കടവും തമ്മിലുള്ള അനുപാതം ധനഉത്തരവാദ നിയമപ്രകാരമുള്ള 29 ശതമാനത്തില്‍ താഴെയായിരുന്നു.

2000 കോടി രൂപ കൂടി കടമെടുക്കാന്‍ കേന്ദ്രാനുമതി ഇപ്പോള്‍ അനുമതി നല്കിയതോടെ കേരളത്തിന് ഇനി 50 കോടി രൂപ കോടി മാത്രമേ കടമെടുക്കാനാകൂ. ഡിസംബറോടെ കേരളത്തിന്റെ കട പൂട്ടുന്ന അവസ്ഥയിലാണ് കാര്യങ്ങളെന്നും സുധാകരൻ വ്യക്തമാക്കി.

webdesk13: