ദേശീയപാത നിര്‍മാണത്തിനായുള്ള കമ്പികളും ഡീസലും മോഷണം പോകുന്ന സാഹചര്യത്തില്‍ മോഷണ തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് നിര്‍മാണ കമ്പനി.
20,000 രൂപയുടെ പാരിതോഷികമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കമ്പികള്‍ മലപ്പുറത്തെ ആക്രിക്കടകളില്‍ കണ്ടെത്തിയതിന് പുറമെ വാഹനങ്ങളില്‍ നിന്ന് വ്യാപകമായി ഇന്ധനവും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പുതിയ നീക്കവുമായി കമ്പനി
രംഗത്തെത്തിയത്.
മലപ്പുറം ജില്ലയില്‍ ദേശീയപാത നിര്‍മാണം നടക്കുന്ന രാമനാട്ടുകര മുതല്‍ കാപ്പിരിക്കാട് വരെയുള്ള മേഖലകളില്‍ നിന്ന് വ്യാപകമായി ഇന്ധനം മോഷണം പോകുന്നതായി പരാതിയുണ്ട്. പൊന്നാനി മേഖലയിലാണ് കൂടുതലായും ഇന്ധനം നഷ്ടമായിട്ടുള്ളത്. ഇതു സംബന്ധിച്ച് പൊന്നാനി, കുറ്റിപ്പുറം ഉള്‍പ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിര്‍മാണ കമ്പനി പരാതിയും നല്‍കിയിരുന്നു.
ഇതേതുടര്‍ന്നാണ് പാരിതോഷികവും കമ്പനി പ്രഖ്യാപിച്ചത്. നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്നാണ് ഡീസല്‍ മോഷണം പോകുന്നത്. കൂടാതെ ജനറേറ്റര്‍ ബാറ്ററിയും നഷ്ടപ്പെട്ടിട്ടുണ്ട്. വലിയ ലോറികളും മണ്ണുമാന്തിയന്ത്രവും ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ നിന്നാണ് രാത്രിയില്‍ ഇന്ധനം നഷ്ടമാവുന്നത്. ഇതിന് പിന്നില്‍ ഏതെങ്കിലും സംഘം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തില്‍ സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്.