X
    Categories: indiaNews

ബിഹാറില്‍ എന്‍ഡിഎ തകരുന്നു; അടുത്ത വര്‍ഷം ഇടക്കാല തെരഞ്ഞെടുപ്പ് വരുമെന്ന് തേജസ്വി യാദവ്

പട്‌ന: ബിഹാറില്‍ എന്‍ഡിഎയില്‍ കടുത്ത ഭിന്നതയുണ്ടെന്നും നിതീഷ് കുമാര്‍ സര്‍ക്കാര്‍ നിലംപതിക്കുമെന്നും പ്രതിപക്ഷനേതാവ് തേജസ്വി യാദവ്. അടുത്ത വര്‍ഷം ഇടക്കാല തെരഞ്ഞെടുപ്പിന് തയ്യാറാവാനും അദ്ദേഹം അണികള്‍ക്ക് നിര്‍ദേശം നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന ആര്‍ജെഡി നേതൃയോഗത്തിലാണ് തേജസ്വി യാദവ് ഇടക്കാല തെരഞ്ഞെടുപ്പിനു തയാറാവാന്‍ നിര്‍ദേശം നല്‍കിയത്.

മഹാസഖ്യത്തിന്റെ പരാജയത്തിനു കാരണം സഖ്യകക്ഷിയായ കോണ്‍ഗ്രസാണെന്നു യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സീറ്റു വിഭജനത്തില്‍ അര്‍ഹിക്കുന്നതിലുമധികം സീറ്റുകള്‍ കോണ്‍ഗ്രസ് വിലപേശി വാങ്ങിയെങ്കിലും തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നാണ് ആരോപണമുയര്‍ന്നത്. കോണ്‍ഗ്രസിനെതിരായ ആരോപണത്തെ കുറിച്ചു തേജസ്വി യാദവ് നേരിട്ടു പ്രതികരിച്ചില്ല. മുന്നണി രാഷ്ട്രീയത്തില്‍ പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വരുമെന്നു മാത്രമാണു തേജസ്വി സഖ്യകക്ഷി പാളിച്ചയെ സൂചിപ്പിച്ചത്.

മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പു പരാജയത്തില്‍ നിരാശരാകാന്‍ പാടില്ലെന്നു വോട്ടു ശതമാന കണക്കുകള്‍ നിരത്തി തേജസ്വി വാദിച്ചു. എന്‍ഡിഎയുമായി കേവലം 12,500 വോട്ടിന്റെ കുറവാണ് മഹാസഖ്യത്തിനുണ്ടായത്. മഹാസഖ്യത്തിന്റെ വിജയത്തെ തെരഞ്ഞെടുപ്പു കമ്മിഷന്‍ അട്ടിമറിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയെ പിന്തുണച്ച വോട്ടര്‍മാരോടു നന്ദി അറിയിക്കാനായി ജനുവരിയില്‍ ആര്‍ജെഡി സംസ്ഥാനതല യാത്ര സംഘടിപ്പിക്കുമെന്നും തേജസ്വി വെളിപ്പെടുത്തി.

 

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: