X
    Categories: indiaNews

ഗുജറാത്തില്‍ കോണ്‍ഗ്രസിന് ഇത്തവണ ജീവന്‍മരണ പോരാട്ടം

ഗാന്ധിനഗര്‍: സംഘപരിവാറിന്റെ ഹിന്ദുത്വ പരീക്ഷണശാലയായ ഗുജറാത്തില്‍ കോണ്‍ഗ്രസിന് ഇത്തവണ ജീവന്‍മരണ പോരാട്ടം. 2017ല്‍ നേരിയ വ്യത്യാസത്തിന് നഷ്ടപ്പെട്ട ഭരണം പിടിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി. മൂന്നു പതിറ്റാണ്ടോളമായി ബി.ജെ. പി ഭരിക്കുന്ന സംസ്ഥാനത്ത് വീറോടെ പോരാടാനുറച്ചാണ് കോണ്‍ഗ്രസ് പ്രചാരണം.

ഗുജറാത്ത് സര്‍ക്കാറിനെതിരെ കുറ്റപത്രം പുറത്തിറക്കിയ കോണ്‍ഗ്രസ് ഭരണവിരുദ്ധ വികാരം മുതലെടുക്കാമെന്ന കണക്കുകൂട്ടലിലാണ്. മോര്‍ബി അപകടം ഉള്‍പ്പടെ 22 കുറ്റങ്ങളാണ് പത്രികയില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് ആരോപിച്ചിരിക്കുന്നത്. ബി.ജെ.പി നേതൃത്വം നല്‍കുന്ന ഗുജറാത്ത് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്ന ആക്ഷേപഹാസ്യ തലക്കെട്ടോടെ ആണ് കുറ്റപത്രം പുറത്തിറക്കിയത്. മോര്‍ബി തൂക്കുപാലം അപകടവും, ബില്‍ക്കീസ് ബാനു കേസില്‍ കുറ്റവാളികളുടെ ജയില്‍ മോചനവും കോണ്‍ഗ്രസ് തുറന്നുകാട്ടുന്നു.

ഗുജറാത്ത് ജനത ബി.ജെ.പി ഭരണത്തില്‍ അടിച്ചമര്‍ത്തലും വിശപ്പും ഭയവും നേരിടുന്നവര്‍ ആയി മാറിയെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പണപ്പെരുപ്പം ഉള്‍പ്പടെയുള്ള ദേശീയ രാഷ്ട്രീയ വിഷയങ്ങളും അവര്‍ ചര്‍ച്ചയാക്കുന്നു. ജനങ്ങളെ ബാധിക്കുന്ന പ്രധാന വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ ആ വിഷയങ്ങള്‍ ചര്‍ച്ചയാക്കാന്‍ ആണ് കുറ്റപത്രം പുറത്തിറക്കിയതെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭരത് സിംഗ് സോളങ്കി പറഞ്ഞു. ഒക്ടോബര്‍ 30ന്‌മോര്‍ബിയിലെ മച്ചു നദിയില്‍ തൂക്കുപാലം തകര്‍ന്ന് 135 പേരാണ് മരിച്ചത്. അഴിമതിയാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായിരുന്നു. 2017ല്‍ ബി.ജെ.പിയെ വിറപ്പിക്കാനായതും സൗരാഷ്ട്രയിലും കച്ചിലും മികച്ച പ്രകടനം കാഴ്ചവച്ചതുമാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. വടക്കന്‍ ഗുജറാത്തില്‍ പകുതി സീറ്റും അവര്‍ക്ക് നേടാനായി. 182 സീറ്റില്‍ ബിജെപി 99 സീറ്റാണ് അന്ന് നേടിയത്. കോണ്‍ഗ്രസ് 77 ഉം. ബിടിപി 2, എന്‍സിപി 1, സ്വതന്ത്രര്‍ 3 എന്നിങ്ങനെയായിരുന്നു മറ്റുള്ളവര്‍.

കോണ്‍ഗ്രസില്‍നിന്നും മറ്റും എംഎല്‍എമാര്‍ കൂറുമാറിയതോടെ നിലവില്‍ 111 പേരാണ് ബിജെപിക്കുള്ളത്. കോണ്‍ഗ്രസിന് 63 ഉം. കഴിഞ്ഞതവണ ചിത്രത്തിലില്ലാതിരുന്ന എഎപി 29 സീറ്റുകളിലാണ് മത്സരിച്ചത്. ഭൂരിപക്ഷം സീറ്റിലും കെട്ടിവച്ച കാശു പോയി. 25 ലേറെ സീറ്റുകളില്‍ നോട്ടയ്ക്കും പിന്നിലായി.

web desk 3: