X
    Categories: MoreViews

വെല്ലുവിളി പ്രസംഗം: മുഖ്യമന്ത്രിക്കും സി.പി.എമ്മിനും അതൃപ്തി

തിരുവനന്തപുരം: തോമസ്ചാണ്ടി വിവാദത്തില്‍ ഇനിയും പിടിച്ചുനില്‍ക്കാനാവില്ലെന്ന നിഗമനത്തില്‍ സി.പി.എം. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തോമസ്ചാണ്ടിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി വെല്ലുവിളി പ്രസംഗത്തില്‍ അതൃപ്തി അറിയിച്ചു. ജനജാഗ്രതാ യാത്രാവേദിയിലെ തോമസ്ചാണ്ടിയുടെ വെല്ലുവിളി പ്രസംഗം തിങ്കളാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യും. അതേസമയം വിവാദം രൂക്ഷമായ സാഹചര്യത്തിലും ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തോമസ്ചാണ്ടി വിഷയം ചര്‍ച്ച ചെയ്തില്ല.

തോമസ്ചാണ്ടിക്കു വേണ്ടി പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ മോശമാക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കള്‍. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ തോമസ്ചാണ്ടി വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്.

തോമസ്ചാണ്ടിയുടെ നിയമലംഘനങ്ങള്‍ അക്കമിട്ട് നിരത്തി ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സ്വീകരിക്കുന്നത്. ഈ പിന്തുണയുടെ ബലത്തില്‍ തോമസ്ചാണ്ടി പ്രതികരണങ്ങളില്‍ അതിരുകടക്കുന്നെന്ന വിലയിരുത്തലാണ് സി.പി.എമ്മിനുള്ളത്. ഇനിയും നിലംനികത്തുമെന്ന പരാമര്‍ശമാണ് പിണറായിയെ ചൊടിപ്പിച്ചത്. ഇത്തരം പ്രതികരണങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി തോമസ്ചാണ്ടിക്ക് നിര്‍ദേശം നല്‍കി. കലക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശം ലഭിച്ചാല്‍ ഉചിതമായ നടപടിയെടുക്കുമെന്ന് കോടിയേരിയും വ്യക്തമാക്കി.

കോടിയേരി നയിക്കുന്ന യാത്രയില്‍ സ്വര്‍ണക്കടത്ത് പ്രതിയുടെ കാര്‍ ഉപയോഗിച്ചതാണ് വിവാദമായതെങ്കില്‍ കാനത്തിന്റെ യാത്രയെ തോമസ്ചാണ്ടിയുടെ വെല്ലുവിളി പ്രസംഗം വിഴുങ്ങുകയായിരുന്നു. എല്‍.ഡി.എഫ് തീരുമാനിച്ചതിന് വിരുദ്ധമായ കാര്യങ്ങളാണ് ജനജാഗ്രതാ യാത്രയില്‍ സംഭവിച്ചത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുകയും കാലികപ്രസക്തമായ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയുമായിരുന്നു യാത്രയുടെ ലക്ഷ്യം. എന്നാല്‍ കോടിയേരിയുടെയും കാനത്തിന്റെയും യാത്രകള്‍ വിവാദങ്ങളില്‍ മുങ്ങി. വെല്ലുവിളിക്കാനല്ല യാത്ര നടത്തുന്നതെന്ന് കാനം തുറന്നുപറയുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ സി.പി.എമ്മിന് വിഷയത്തില്‍ ഇടപെടാതിരിക്കാനാവില്ല. തോമസ്ചാണ്ടിക്കെതിരെ നടപടിയെടുക്കാനും കേസുമായി മുന്നോട്ടുപോകാനും റവന്യൂവകുപ്പിന് തടസമായി നില്‍ക്കുന്നത് മുഖ്യമന്ത്രിയും സി.പി.എമ്മുമാണ്. ഈ പിന്തുണയാണ് ഇനിയും നികത്തുമെന്ന് പറയാന്‍ തോമസ്ചാണ്ടിയെ പ്രേരിപ്പിച്ചത്.

chandrika: