X

സിഎജി ഒന്നും സര്‍ക്കാറിനെ അറിയിച്ചില്ല; രണ്ടും കല്‍പ്പിച്ച് ഐസക്‌

തിരുവനന്തപുരം: എ.ജി സര്‍ക്കാറിനെതിരെ നിഴല്‍ യുദ്ധം നടത്തുകയാണ് എന്നും മാധ്യമങ്ങള്‍ക്ക് സ്ഥിരമായി വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയാണ് എന്നും ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയെ കുറിച്ചുള്ള നാലു പേജ് പരാമര്‍ശങ്ങള്‍ ഒരു ഘട്ടത്തിലും സര്‍ക്കാറുമായി ചര്‍ച്ച ചെയ്തില്ലെന്നും സിഎജി ഒരു ഘട്ടത്തില്‍ പോലും ഇക്കാര്യം അറിയിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

കിഫ്ബിയെക്കുറിച്ചുളള പരാമര്‍ശങ്ങളില്‍ സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ചില്ല. കരടില്‍ ഇല്ലാത്തത് അംഗീകരിക്കാനാകില്ല. നടപടി ദുരുപദഷ്ടിതമാണ്. സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാത്ത ഭാഗം നിയമസഭയില്‍ വയ്ക്കണമെന്ന് പറയാനാവില്ല. ധനവകുപ്പ് പോസ്റ്റ് മാനല്ല. സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിന് മുമ്പ് തുറക്കാന്‍ പാടില്ലെന്ന് എവിടെയാണ് വ്യവസ്ഥയുള്ളത്- അദ്ദേഹം ചോദിച്ചു. ഇത് ചട്ടലംഘനമാണ് എന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസാധാരണ സാഹചര്യമാണ് സിഎജിയുടെ റിപ്പോര്‍ട്ട് സംസ്ഥാനത്ത് ഉണ്ടാക്കിയിട്ടുള്ളത്. കേരളത്തിന്റെ വികസനത്തിന് വലിയൊരു അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണിത്. അസാധാരണ നടപടികളും ഇനി വേണ്ടി വരും. കിഫ്ബിയെടുക്കുന്ന മുഴുവന്‍ വായ്പകളും ഭരണഘടനാ വിരുദ്ധമാണെന്നാണ് എജി പറയുന്നത്. ഇതംഗീകരിക്കാനാകില്ല. കേരള നിയമസഭ പാസാക്കിയതാണ് കിഫ്ബി നിയമം. എന്റെ പേരിലുള്ള അവകാശലംഘനമൊക്കെ ചെറുത്. അതിനേക്കാള്‍ വലിയ തിരിച്ചടിയാണ് കേരളത്തിന്റെ വികസനത്തിന് വരാന്‍ പോകുന്നത്. എനിക്കെതിരായ അവകാശ ലംഘന നോട്ടീസിന് ഞാന്‍ കൃത്യമായ മറുപടി നല്‍കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് തുടങ്ങി കേസുകളില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന വേളയിലാണ് ഐസക് കിഫ്ബി ‘പ്രശ്‌നവുമായി’ മുമ്പോട്ടു വരുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ സംശയത്തിന്റെ നിഴലില്‍ വരുന്ന വേളയിലാണ് ഐസകിന്റെ ഇടപെടല്‍ എന്നതാണ് ശ്രദ്ധേയം.

Test User: