X

സുഹൃത്തിനെ കൊന്ന് യമുനാ നദിയില്‍ ഒഴുക്കാന്‍ ശ്രമം; മലയാളിയടക്കം മൂന്നു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്‌കേസില്‍ യമുനാ നദിയില്‍ ഒഴുക്കാന്‍ ശ്രമിച്ച മലയാളിയടക്കം മൂന്നു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു.

മലയാളിയായ മനോജ് പിള്ള, ഗ്രേറ്റര്‍ നോയിഡ സ്വദേശികളായ വിശാല്‍ ത്യാഗി, പൗരുഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മുറിയില്‍ താമസിച്ചിരുന്ന 23കാരന്‍ ദീപാംശുവിനെയാണ് മൂവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

അറസ്റ്റിലായ വിശാല്‍ ത്യാഗി ഗാസിയാബാദിലെ ഡോക്ടറുടെ മകനാണ്. വിശാല്‍ നീറ്റ് പരീക്ഷ വിജയിച്ചതിന്റെ പാര്‍ട്ടിക്കായി ഞായറാഴ്ച രാത്രി നാലു പേരും ഒത്തുക്കൂടിയായിരുന്നു. നാലു പേരും അമിതമായി മദ്യപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കം കൈയേറ്റത്തിലും കൊലപാതകത്തിലും അവസാനിക്കുകയായിരുന്നു.

വാക്കുതര്‍ക്കെത്തുടര്‍ന്ന് വിശാലും പൗരുഷും കൂടി ദീപാംശുവിന്റെ കൈയും കാലും പിടിച്ചുവെക്കുകയും മനോജ് പിള്ള കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കി സ്യൂട്ട്‌കേസില്‍ നിറച്ച് യമുനാനദിയില്‍ തള്ളാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലായത്.

സുഹൃത്തിന്റെ കാര്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇ-റിക്ഷയിലാണ് മൃതദേഹം കൊണ്ടുപോയത്. സ്യൂട്ട്‌കേസില്‍ നിന്ന് രക്തത്തുള്ളികള്‍ ഇറ്റു വീഴുന്നതു കണ്ടാണ് പൊലീസ് ഇവരെ പിടികൂടിയത്.

chandrika: