X

റബ്ബർ തോട്ടത്തിൽ കുഴിച്ചിട്ട കാട്ടാനയുടെ ജഡത്തിൽ ഒരു കൊമ്പ് മുറിച്ചെടുത്ത നിലയിൽ

തൃശൂർ ചേലക്കരയിൽ റബ്ബർ തോട്ടത്തിൽ കുഴിച്ചിട്ട കാട്ടാനയുടെ ജഡത്തിൽ ഒരു കൊമ്പ് കാണാനില്ലെന്ന് വെറ്ററിനറി സർജൻ അറിയിച്ചു. മണ്ണിനടിയിൽ നിന്ന് പുറത്തെടുത്ത ആനയുടെ അസ്ഥികൂടത്തിൽ ഒരു കൊമ്പ് മാത്രമാണ് കിട്ടിയത്. ഒരു കൊമ്പ് മുറിച്ചെടുത്തതാണെന്നും കുഴിച്ചിട്ടാലും ദ്രവിക്കാത്തതാണ് ആനക്കൊമ്പെന്നും വെറ്ററിനറി സർജൻ വ്യക്തമാക്കി.മണിയഞ്ചിറ റോയ് എന്നയാളുടെ റബ്ബർ തോട്ടത്തിലാണ് ആനയെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

തൃശ്ശൂർ ജില്ലയിലെ ചേലക്കരക്കടുത്ത് മുള്ളൂർക്കര വാഴക്കോടാണ് സംഭവം നടന്നത്.വനം വന്യജീവിവിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ആനയുടെ അസ്ഥികൂടം പരിശോധനയിൽ കണ്ടെത്തി. രണ്ടര മാസത്തെ പഴക്കം സംശയിക്കുന്നതായി വനം ഉദ്യോഗസ്ഥർ പറഞ്ഞു. ആനയെ വേട്ടയാടി പിടിച്ച് കൊലപ്പെടുത്തിയതാണോയെന്ന് അന്വേഷിക്കുന്നുണ്ട്.സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

ആന ചരിഞ്ഞ കാര്യം വനം വകുപ്പിനെ അറിയിച്ചിരുന്നില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. ആനയെ കൊലപ്പെടുത്തിയതാണെങ്കിൽ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

 

webdesk15: