X

ടിക്കറ്റ് തീര്‍ന്നു…!

 

അണ്ടര്‍-17 ലോകകപ്പ് വേദിയായ കൊച്ചിയിലെ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു. ഒക്‌ടോബര്‍ ഏഴിന് വൈകിട്ട് അഞ്ചിന് നടക്കുന്ന ബ്രസീല്‍-സ്‌പെയിന്‍ മത്സരത്തിന്റെ മൂന്നാം ഘട്ടത്തില്‍ വില്‍പനക്ക് വച്ച ടിക്കറ്റുകളാണ് തീര്‍ന്നത്. അതേദിവസം രാത്രി എട്ടിന് നടക്കുന്ന കൊറിയ-നൈജര്‍ മത്സരത്തിന്റെ ടിക്കറ്റുകളും വിറ്റു തീര്‍ന്നിട്ടുണ്ട്. 28ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റുകളും മൂന്നാംഘട്ടത്തില്‍ വിറ്റു തീര്‍ന്നു. അതേസമയം ഗോവ അടക്കമുള്ള ചില വേദികളില്‍ ടിക്കറ്റ് വില്‍പന മന്ദഗതിയിലാണ്. 60 രൂപ മുതല്‍ 300 രൂപ വരെയുള്ള ടിക്കറ്റുകളാണ് കൊച്ചിയില്‍ മൂന്നാം ഘട്ടത്തില്‍ വില്‍പനക്കുണ്ടായിരുന്നത്. നേരത്തേ ടിക്കറ്റ് വില്‍പനയുടെ ആദ്യ രണ്ടു ഘട്ടങ്ങളിലും വില്‍പനക്കെത്തിയ മുഴുവന്‍ ടിക്കറ്റുകളും വിറ്റ് കൊല്‍ക്കത്തക്കൊപ്പം കൊച്ചിയും റെക്കോഡിട്ടിരുന്നു. ഒക്‌ടോബര്‍ അഞ്ചു വരെയുള്ള മൂന്നാം ഘട്ട ടിക്കറ്റ് വില്‍പനയിലും റെക്കോഡ് നേട്ടമാണ് സംഘാടകര്‍ കൊച്ചിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന തലേന്ന് വരെ 25 ശതമാനം ഇളവോടെ മൂന്നാം ഘട്ടത്തിലെ ടിക്കറ്റുകള്‍ ലഭിക്കും.
10ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സ്‌പെയിന്‍-നൈജര്‍, രാത്രി എട്ടിന് നടക്കുന്ന കൊറിയ-ബ്രസീല്‍ മത്സരങ്ങള്‍ക്ക് പുറമെ 13ന് വൈകിട്ട് നടക്കുന്ന ഗ്വിനിയ-ജര്‍മനി, രാത്രി നടക്കുന്ന സ്‌പെയിന്‍-കൊറിയ മത്സരങ്ങളുടെ ടിക്കറ്റുകളാണ് കൊച്ചിയില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. 18ന് നടക്കുന്ന പ്രീ ക്വാര്‍ട്ടറിന്റെയും 22ന് നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരത്തിന്റെയും കുറച്ചു ടിക്കറ്റുകളും അവശേഷിക്കുന്നുണ്ട്. ടിക്കറ്റ് വില്‍പനയുടെ ആദ്യഘട്ടത്തില്‍ മുഴുവന്‍ മത്സരങ്ങള്‍ക്കുമായി വെന്യൂ പാക്കേജ് എന്ന നിലയില്‍ 60 ശതമാനം ഡിസ്‌ക്കൗണ്ടാണ് നല്‍കിയിരുന്നത്. അമ്പതു ശതമാനം ഇളവോടു കൂടിയുള്ള ടിക്കറ്റ് വില്‍പനയാണ് രണ്ടാം ഘട്ടത്തില്‍ നടന്നത്. ഓരോ മത്സരങ്ങള്‍ക്കുമുള്ള പ്രത്യേകം ടിക്കറ്റുകളാണ് ഇപ്പോള്‍ വില്‍പനക്കുള്ളത്. ടൂര്‍ണമെന്റ് തുടങ്ങുന്ന ഒക്‌ടോബര്‍ ആറു മുതല്‍ 28 വരെ അന്തിമ ഘട്ട ടിക്കറ്റ് വില്‍പന നടക്കും. ഇളവൊന്നും ഉണ്ടാവില്ല. 80 രൂപയാണ് ഒരു ടിക്കറ്റിന്റെ കുറഞ്ഞ വില, കൂടിയ വില 800 രൂപയും. 25 ശതമാനം ഇളവുള്ളതിനാല്‍ 60,150, 300,600 എന്നിങ്ങനെയാണ് ഇപ്പോഴത്തെ ടിക്കറ്റ് നിരക്കുകള്‍. കൊച്ചിയിലെ മത്സരങ്ങള്‍ക്ക് 60 രൂപ മുതല്‍ 300 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ഗ്രൂപ്പ് ഡിയിലെ അഞ്ചു യോഗ്യത മത്സങ്ങള്‍, ഗ്രൂപ്പ് സിയിലെ ഒരു യോഗ്യത മത്സരം, ഓരോ വീതം പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ എന്നിവയടക്കം ആകെ എട്ടു മത്സരങ്ങള്‍ക്കാണ് കൊച്ചി വേദിയൊരുക്കുന്നത്.

chandrika: