X

സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 20 പേര്‍ കോവിഡ് മൂലം മരിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 697 ആയി. 57879 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിട്ടുള്ളത്. 3347 പേര്‍ക്ക് കോവിഡ് മുക്തിയും ഉണ്ടായിട്ടുണ്ട്. 24 മണിക്കൂറിനിടെ 36,027 സാമ്പിളുകളാണ് പരിശോധിച്ചത്. 249 പേരുടെ ഉറവിടം വ്യക്തമല്ല. 67 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

അതേസമയം, സംസ്ഥാനത്ത് കോവിഡ് വലിയ തോതില്‍ വ്യാപനമുണ്ടാകുമെന്ന് ആശങ്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. നിയന്ത്രണങ്ങള്‍ കടുപ്പിക്കും. നിയന്ത്രണങ്ങള്‍ പാലിക്കാത്ത കടകള്‍ അടച്ചിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനത്തിന്റെ തോത് നിര്‍ണയിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത്രയും നാള്‍ നാം മുന്നിലായിരുന്നു. അതിന് ഇപ്പോള്‍ ഇളക്കംതട്ടിയിട്ടുണ്ട്. 20 ദിവസം കൂടുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

10 ലക്ഷത്തില്‍ 5143 ആയി ഉയര്‍ന്നു. ഇന്ത്യന്‍ ശരാരശരി 5852 ആണ്. മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ വളരെ കുറവാണ്. 1.6 ശതമാനമാണ് ദേശീയ ശരാശരിയെങ്കില്‍ കേരളത്തില്‍ അത് 0.4 ശതമാനം മാത്രമാണ്. മികച്ച പരിചരണത്തിന്റെയും സൗകര്യങ്ങളുടെയും ഗുണഫലമാണിത്.

രോഗികളുടെ എണ്ണം വര്‍ധിച്ചതിന് ആനുപാതികമായി മരണപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. രോഗവ്യാപനം കുറച്ചാല്‍ മാത്രമേ മരണവും കുറയ്ക്കാന്‍ സാധിക്കൂ. രോഗവ്യാപനം കുറയ്ക്കുന്നതിന് കര്‍ശന നടപടികളിലേയ്ക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

chandrika: