X
    Categories: Video Stories

ടോം മൂഡിയുടെ പേജിലെ ‘പൊങ്കാല’; വ്യാജവാര്‍ത്ത ഉണ്ടാക്കിയ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടര്‍ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു

അന്തര്‍ദേശീയ നിക്ഷേപക സേവന സ്ഥാപനമായ ‘മൂഡീസ്’ ഇന്ത്യയുടേ റേറ്റിങ് ഉയര്‍ത്തിയ വാര്‍ത്തക്കു പിന്നാലെ സി.പി.എമ്മുകാര്‍ മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ടോം മൂഡിയുടെ ഫേസ്ബുക്കില്‍ പൊങ്കാലയിട്ടെന്ന വ്യാജ വാര്‍ത്തയെഴുതിയ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടര്‍ ബി.എസ് അനില്‍ കുമാര്‍ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ഇന്ത്യക്ക് അനുകൂലമായ മൂഡീസ് റേറ്റിങ്ങിനെ തുടര്‍ന്ന് സി.പി.എമ്മുകാര്‍ ടോം മൂഡിയുടെ പേജില്‍ തെറിയഭിഷേകം നടത്തിയെന്ന് ബി.എസ് അനില്‍ കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ വാര്‍ത്ത ദേശീയ തലത്തില്‍ വന്‍ പ്രചാരം നേടിയിരുന്നു. എന്നാല്‍, കേരളത്തിലൈ സംഘികളും ജനം ടി.വിയും ബി.ജെ.പി ദേശീയ ഐ.ടി ഇന്‍ചാര്‍ജ് അമിത് മാല്‍വിയയും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയായിരുന്നു ഇതെന്ന് പിന്നീട് വ്യക്തമായി.

ഇടതുപക്ഷക്കാരെന്ന നാട്യത്തിലുള്ള വ്യാജ പ്രൊഫൈലുകളില്‍ നിന്നാണ് ടോം മൂഡിയുടെ പേജില്‍ അസഭ്യ വര്‍ഷമുണ്ടായത്. ഇത്തരത്തിലുള്ള ചില പ്രൊഫൈലുകള്‍ മുസ്‌ലിം, ക്രിസ്ത്യന്‍ പേരുകളില്‍ ഉള്ളവയായിരുന്നു. ഇതേപ്പറ്റി ബി.ജെ.പിയുടെ ജനം ടി.വിയാണ് ആദ്യം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വിശദമായ അന്വേഷണം നടത്താതെ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാര്‍ത്ത അമിത് മാല്‍വിലയയും രാഹുല്‍ രാജും (ഭക്‌സാല) അടക്കമുള്ള ബി.ജെ.പി ഐ.ടി തൊഴിലാളികള്‍ സമൂഹ മാധ്യമങ്ങളില്‍ കൂട്ടത്തോടെ ഷെയര്‍ ചെയ്തു. മലയാളികളെ അപമാനിക്കുന്ന തരത്തിലുള്ള വിശദീകരണങ്ങള്‍ സഹിതമായിരുന്നു ഇത്. ന്യൂസ് മിനുട്ട് അടക്കമുള്ള ഇംഗ്ലീഷ് മാധ്യമങ്ങളും ഇത് ഏറ്റെടുത്തു. ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത തന്നെ ഷെയര്‍ ചെയ്യുകയും ചെയ്തു.

എന്നാല്‍, മൂഡിയുടെ പേജില്‍ കമന്റിട്ടവരുടെ പ്രൊഫൈലുകളും മുന്‍ ചരിത്രവും പരിശോധിച്ചപ്പോഴാണ് ‘മലയാളികളുടെ മണ്ടത്തരം’ സംഘികളുടെ ആസൂത്രിത നീക്കമായിരുന്നു എന്നു വ്യക്തമായത്. ഈ പ്രൊഫൈലുകളില്‍ മിക്കതും ആര്‍.എസ്.എസ്സിനും മോദിക്കും അനുകൂലമായ കാര്യങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ഉപയോഗിച്ചവയായിരുന്നു. ചിലതാകട്ടെ, മണിക്കൂറുകള്‍ മുമ്പു മാത്രം സൃഷ്ടിച്ചവയും. ആള്‍ട്ട്‌ന്യൂസ്, ബൂംലൈവ് തുടങ്ങിയ മാധ്യമങ്ങള്‍ ഇക്കാര്യം തെളിവു സഹിതം വിശദീകരിച്ചതോടെ മൂഡിയുടെ പേജില്‍ നിന്ന് കമന്റുകള്‍ അപ്രത്യക്ഷമാവാന്‍ തുടങ്ങി.

ഇതേത്തുടര്‍ന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നതോടെയാണ് ടൈംസ് ഓഫ് ഇന്ത്യ ലേഖകന്‍ ഫേബ്‌സുക്ക് അക്കൗണ്ട് മുക്കി രക്ഷപ്പെട്ടത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: