X

ടിപി വധക്കേസ്: പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടു, ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. പ്രതികളായിരുന്ന കെകെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെവിട്ടത് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കി.

സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമാണ് കെകെ കൃഷ്ണന്‍. കുന്നോത്തുകര ലോക്കല്‍ കമ്മിറ്റി അംഗമാണ് ജ്യോതി ബാബു. ഇരുവരും 26ന് കോടതിയില്‍ ഹാജരാവണം. ഇവരുടെ ശിക്ഷ അന്നു പ്രഖ്യാപിച്ചേക്കും. ശിക്ഷിക്കപ്പെട്ട മറ്റു പ്രതികള്‍ക്കു പരാമവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ അപ്പീലിലും കോടതി അന്നു വിധി പറയും.

സിപിഎം കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി പി മോഹനനെ വെറുതെവിട്ടത് ഹൈക്കോടതി ശരിവച്ചു. അന്തരിച്ച പികെ കുഞ്ഞനന്തനെ ശിക്ഷിച്ചതും ശരിവച്ചു. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികളും, കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. സിപിഎം നേതാവ് പി മോഹനന്‍ ഉള്‍പ്പെടെയുള്ളവരെ വിട്ടയച്ചതിനെതിരെ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നല്‍കിയ അപ്പീലും കോടതി പരിഗണിച്ചു.

എഫ്ഐആറില്‍ ഇല്ലാത്ത പലരെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി, അതിനു പിന്നില്‍ രാഷ്ട്രീയഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ശിക്ഷിക്കപ്പെട്ട പ്രതികള്‍ വാദിച്ചത്. ചില പ്രതികള്‍ക്ക് നല്‍കിയ ശിക്ഷ കുറഞ്ഞുപോയെന്നും, പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് സര്‍ക്കാരിന്റെ അപ്പീലില്‍ ആവശ്യപ്പെട്ടത്.

2012 മെയ് 4ന് ആര്‍എംപി സ്ഥാപക നേതാവ് ടി പി ചന്ദ്രശേഖരനെ വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സി.പി.എം വിട്ട് ഒഞ്ചിയത്ത് ആര്‍.എം.പി എന്ന പാര്‍ട്ടിയുണ്ടാക്കിയതിന്റെ പക തീര്‍ക്കാന്‍ സി.പി.എമ്മുകാരായ പ്രതികള്‍ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.

വിചാരണയ്ക്ക് ശേഷം 2014ല്‍ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, സി പി എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും, കണ്ണൂര്‍ സ്വദേശി ലംബു പ്രദീപിനെ മൂന്നു വര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. ശിക്ഷ അനുഭവിക്കുന്നതിനിടെ കുഞ്ഞനന്തന്‍ 2020 ജൂണില്‍ മരിച്ചു. 36 പ്രതികളുണ്ടായിരുന്ന കേസില്‍ സിപിഎം നേതാവ് പി മോഹനന്‍ ഉള്‍പ്പെടെ 24 പേരെ കോടതി വിട്ടയച്ചു.

 

webdesk13: