X

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കല്‍; വളാഞ്ചേരിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 25 കേസുകള്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കളും, വാഹന ഉടമകളും ജാഗ്രത. പിടിക്കപ്പെട്ടാല്‍ വലിയ പിഴ ഒടുക്കേണ്ടി വരും. ജില്ല പൊലീസ് മേധാവി ആവിഷ്കരിച്ച സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വളാഞ്ചേരി മേഖലയില്‍ പരിശോധന ശക്തമാക്കി.

ലൈസന്‍സില്ലാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്നത് പിടിക്കപ്പെട്ടാല്‍ ഉടമകള്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുകയെന്ന് പൊലീസ്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വളാഞ്ചേരി സ്റ്റേഷനില്‍ മാത്രം 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

പ്രതികള്‍ക്കെതിരെ തിരൂര്‍ ജെ.എഫ്.സി.എം, മഞ്ചേരി സി.ജെ.എം കോടതികളില്‍ വിചാരണ പുരോഗമിക്കുകയാണ്. വിചാരണ പൂര്‍ത്തിയാക്കിയ വടക്കുംപുറം സ്വദേശി അബ്ദുല്‍ മുഖദിന് 30,250 രൂപ പിഴ ശിക്ഷ വിധിക്കുകയും ചെയ്തു. 15000 രൂപ വില വരുന്ന വാഹനത്തിനാണ് ഇരട്ടിയോളം തുക പിഴയിനത്തില്‍ അടക്കേണ്ടി വന്നത്. പരിശോധന ഊര്‍ജിതമാക്കുമെന്നും പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വളാഞ്ചേരി പൊലീസ്.

webdesk14: