X

ബംഗാളില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി; കോണ്‍ഗ്രസിന് പിന്തുണ നല്‍കി തൃണമൂല്‍

കൊല്‍ക്കത്ത: രാജ്യസഭയിലേക്ക് പ്രതിനിധിയെ അയക്കാനുള്ള സിപിഎം ബംഗാള്‍ ഘടകത്തിന്റെ ശ്രമത്തിന് കനത്ത തിരിച്ചടി.

ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്കുള്ള അഞ്ചു സീറ്റുകളിലൊന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കാന്‍ തയാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പ്രഖ്യാപിച്ചതോടെയാണ് ഇടതുനീക്കം പാളിയത്.

പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി യോഗത്തിനു ശേഷമാണ് മമതയുടെ പ്രഖ്യാപനമുണ്ടായത്. ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച അഭിഷേക് സിംഘ്‌വിയുടെ ജയം ഇതോടെ ഉറപ്പായി. നദിമുല്‍ ഹഖ്, സുഭാശിഷ് ചക്രവര്‍ത്തി, ആബിര്‍ ബിശ്വാസ്, ശന്തനു സെന്‍ എന്നിവരാണ് രാജ്യസഭയിലേക്കുള്ള തൃണമൂല്‍ സ്ഥാനാര്‍ത്ഥി.

ഉഭയകക്ഷി ചര്‍ച്ചയിലൂടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിനിടെ കോണ്‍ഗ്രസ് ഏകപക്ഷീയ നിലപാടെടുക്കുകയായിരുന്നുവെന്ന് ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടരിയേറ്റംഗം രബീണ്‍ ഗേബിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ തയാറെടുപ്പിനായാണ് മമത പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി വിളിച്ചുചേര്‍ത്തത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസുമായി തൃണമൂല്‍ ധാരണ ഉണ്ടാക്കിയേക്കും.

chandrika: