X

ത്രിപുര പരസ്യപ്രചാരണം അവസാനിച്ചു; മറ്റന്നാള്‍ ബൂത്തിലേക്ക്

അഗര്‍ത്തല: ത്രിപുര നിയസഭാ തെരഞ്ഞടുപ്പിന്റെ പരസ്യ പ്രചാരണം സമാപിച്ചു. ഫെബ്രുവരി 16നാണ് തെരെഞ്ഞെടുപ്പ്. എട്ട് ജില്ലകളിലെ 60 മണ്ഡലങ്ങളിലേക്കാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞടുപ്പിനോടനുബന്ധിച്ച് എല്ലാ ബുത്തുകളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായി തെരഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചു.

259 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 31 പേര്‍ സ്ത്രീകളാണ്. 2018 ലെ തെരഞ്ഞടുപ്പില്‍ 297 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. സ്ത്രീ സ്ഥാനാര്‍ഥികളുടെ എണ്ണം 24 ആയിരുന്നു.

ഒരുമാസം നീണ്ട പരസ്യപ്രചാരണത്തില്‍ വിവിധ പാര്‍ട്ടി നേതാക്കള്‍ പ്രചരണത്തിനിറങ്ങി. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി, കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ തുടങ്ങി കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസിനൊപ്പം മത്സരിക്കുന്ന സിപിഎം നേതാക്കളായ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് എന്നിവരും പ്രചരണത്തില്‍ പങ്കെടുത്തു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപിയിലെ മറ്റു നേതാക്കളും പ്രചരണത്തിനിറങ്ങി.

ത്രിപുരയില്‍ ആദ്യമായാണ് കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ച് മത്സരിക്കുന്നത്. ഇടതുമുന്നണി 47 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് 13 സീറ്റുകളിലാണ്. ബിജെപിയാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്. 55 പേരാണ് മത്സരംഗത്തുള്ളത്. മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍.

webdesk13: