X

ത്രിപുര തെരഞ്ഞെടുപ്പ്: ബി.ജെ.പി സ്ഥാനാര്‍ഥികളില്‍ കൂടുതലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും കോടീശ്വരന്മാരും

അഗര്‍ത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ കൂടുതലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും കോടീശ്വരന്മാരും. വിവിധ പാര്‍ട്ടികളില്‍ നിന്നായി ആകെ 297 പേരാണ് ത്രിപുരയില്‍ ജനവിധി തേടുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ ബി.ജെ.പിയില്‍ നിന്നുമാണ്. ത്രിപുര ഇലക്ഷന്‍ വാച്ച് ഓഫ് ദി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) ശനിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് സ്ഥാനാര്‍ത്ഥികളുടെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ക്രിമിനല്‍ പശ്ചാത്തലമുള്ള 22 പേരില്‍ 11 പേരും ബി.ജെ.പിക്കാരാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ നാല് പേര്‍ക്കും രണ്ട് സി.പി.എംകാര്‍ക്കും രണ്ട് ഐ.പി.എഫ്.ടിക്കാര്‍ക്കും ഒരു തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കുമെതിരെ ക്രിമിനല്‍ കേസുണ്ട്. അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരില്‍ 35 പേര്‍ക്ക് ഒരു കോടിയിലേറെ വരുമാനമുണ്ട്. 35 പേരില്‍ 18 പേര്‍ ബി.ജെ.പി സ്ഥാനാര്‍ഥികളും ഒന്‍പത് കോണ്‍ഗ്രസുകാരും നാല് സി.പി.എംകാരും രണ്ട് ഐഎന്‍.പി.ടി സ്ഥാനാര്‍ഥികളും ഓരോ തൃണമൂല്‍, ഐ.പി.എഫ്.ടി സ്ഥാനാര്‍ഥികളും കോടിപതികളാണ്. രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ വരുമാന കോളത്തില്‍ പൂജ്യം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 18-ാം തിയ്യതിയാണ് നടക്കുക.

chandrika: