X

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; അര്‍ധരാത്രി മുതല്‍ ബോട്ടുകള്‍ കടലിലേക്ക്

മട്ടാഞ്ചേരി: ഒന്നര മാസത്തെ ട്രോളിങ് നിരോധനത്തിന് ഇന്ന് അര്‍ധരാത്രിയോടെ അവസാനം. ബോട്ടുകള്‍ വലിയ പ്രതീക്ഷയോടെ കടലിലേക്ക് പുറപ്പെടാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. കടല്‍ കലങ്ങി മറിഞ്ഞ കാലാവസ്ഥ മാറ്റത്തില്‍ കടലമ്മ കനിയുമെന്നാണ് മത്സ്യതൊഴിലാളികള്‍ പ്രതീക്ഷിക്കുന്നത്. ജീവനക്കാരായ ഇതരസംസ്ഥാന തൊഴിലാളികള്‍ ഫിഷറീസ് ഹാര്‍ബറുകളില്‍ എത്തിയിട്ടുണ്ട്. ഓരോ ബോട്ടിലും 10 മുതല്‍ 15 വരെ തൊഴിലാളികളാണ് പ്രവര്‍ത്തിക്കുക. സംസ്ഥാനത്ത് ഏകദേശം 3600 ബോട്ടുകളാണ് ഇന്ന് കടലിലേക്ക് പുറപ്പെടുന്നത്. സംസ്ഥാനം വിട്ട് പോയ ചാളയും അയലയും ഒറ്റപ്പെട്ട ചാകരയായി കേരളക്കരയിലേക്ക് തിരിച്ച് എത്തിയതായാണ് മത്സ്യബന്ധന മേഖല സാക്ഷ്യപ്പെടുത്തുന്നത്. കൂന്തല്‍, കണവ, ചെമ്മീന്‍ എന്നിവയുടെ ചാകരയും തൊഴിലാളികള്‍ പ്രതീക്ഷിക്കുന്നുണ്ട്.

കിളിമീന്‍, ചാള, അയല, കണവ, ചെമ്മീന്‍ കൊയ്ത്തിന്റെ ചാകരയാണ് ബോട്ടുകള്‍ പ്രതീക്ഷിക്കുന്നത്. തീരദേശങ്ങളില്‍ ഒന്നര മാസമായി അടഞ്ഞു കിടക്കുന്ന ഇന്ധന പമ്പുകള്‍ സജീവമായിക്കഴിഞ്ഞു. ഒപ്പം ഐസ്പ്ലാന്റുകളും കച്ചവടകേന്ദ്രങ്ങളുമെല്ലാം പുതുകാലത്തെ വരവേല്‍ക്കാന്‍ തയ്യാറെടുത്തു. ഇന്ന് രാത്രി കടലിലേക്ക് പോകുന്നതിനുള്ള വലയും മറ്റും ഒരുക്കുന്നതിനുള്ള അന്തിമഘട്ട തിരക്കിലാണ് തൊഴിലാളികള്‍. ലക്ഷങ്ങള്‍ മുടക്കി ബോട്ടുകളുടെ അറ്റകുറ്റപണികള്‍ പലരും നടത്തിക്കഴിഞ്ഞു. വലകള്‍, ഇന്ധനം, സംഭരണ സംവിധാനങ്ങള്‍, ഭക്ഷണ വസ്തുക്കള്‍, സുരക്ഷ സംവിധാനങ്ങള്‍ തുടങ്ങിയവയൊക്കെ ഒരുക്കി ബോട്ടുകള്‍ ഇന്നലെ തന്നെ പുറത്തിറങ്ങി കഴിഞ്ഞു. കടലിലേക്ക് പോകുന്നത് ഇന്ന് അര്‍ധരാത്രിയാണെന്ന് മാത്രം.

webdesk11: