X
    Categories: CultureMore

ഉത്തര്‍പ്രദേശില്‍ ട്രക്കിടിച്ച് ബസ് കത്തി; 22 മരണം, 19 പേര്‍ക്ക് പരിക്ക്

ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് 22 മരണം. ദേശീയ പാത 24-ല്‍ ഇന്നു പുലര്‍ച്ചെയായിരുന്നു ദുരന്തം. കൂട്ടിയിടിയെ തുടര്‍ന്ന് തീപിടിച്ച ബസ്സ് കത്തിയമരുകയായിരുന്നു. ബസ് യാത്രക്കാരില്‍ സിംഹഭാഗവും ഉറക്കത്തിലായിരുന്നത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. 19 പേര്‍ക്ക് പരിക്കുണ്ട്.

ഗോണ്ട ജില്ലയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് 38 പേരുമായി പോവുകയായിരുന്നു ഉത്തര്‍പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ബസ്. യാത്രക്കാര്‍ക്കു പുറമെ രണ്ട് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമുണ്ടായിരുന്നു. ഷാജഹാന്‍പൂര്‍ ജില്ലയില്‍ നിന്ന് വരികയായിരുന്ന ട്രക്കാണ് ബസ്സിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിക്കുകയും തീപിടിക്കുകയുമായിരുന്നുവെന്ന് കരുതുന്നു. അഗ്നിശമനസേന സ്ഥലത്തെത്താന്‍ ഒന്നര മണിക്കൂറെടുത്തു.

പൂര്‍ണമായും കത്തിക്കരിഞ്ഞതിനാല്‍ ഒരു മൃതദേഹവും ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. അപടകമുണ്ടാക്കിയ ട്രക്കിന്റെ ഡ്രൈവര്‍ ഒളിവിലാണെന്ന് കരുതുന്നു. ബസ്സും ട്രക്കും പൂര്‍ണമായി കത്തിയമര്‍ന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ട്വിറ്ററിലൂടെ അനുശോചനമറിയിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് 2 ലക്ഷവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: